കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ വേണ്ടി ചുരം വഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്-വയനാട് കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്ത് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. വയനാട് ഉരുൾപൊട്ടലിന് പുറമെ കോഴിക്കോട് വിലങ്ങാട് ഭാഗത്തും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. താമരശേരി ചുരത്തിൽ നാലാം വളവിൽ മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
മലപ്പുറത്തും മണ്ണിടിച്ചിലിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. വളാഞ്ചേരി – കുറ്റിപ്പുറം പാതയിലെ പാണ്ടിക ശാലയിൽ മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കണ്ണൂർ – ഇരിട്ടി കൂട്ടുപുഴ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. നെല്ലിയാമ്പതിക്ക് സമീപം മണ്ണിടിഞ്ഞു.
ശക്തമായ മഴയിലും കാറ്റിലും പാലക്കാട്, മലപ്പുറം ജില്ലകളിൽ നിരവധി ഇടങ്ങളിലാണ് ഗതാഗത തടസം നേരിട്ടത്. രാവിലെ 7 മണിക്ക് നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷയ്ക്ക് എത്തിച്ചേരാനാകതെ പലയിടത്തും ഉദ്യോഗാർഥികൾ പെരുവഴിയിലായി. പരീക്ഷകൾ മാറ്റി വയ്ക്കാത്തതിനാൽ ഇവർക്ക് അവസരം നഷടപ്പെടും.
HEALTH | ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവർ