കാസർഗോഡ്: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. കാസർഗോഡ് മഞ്ചേശ്വരത്ത് കനത്ത മഴയെ തുടർന്ന് ഒരു വീട്ടില്‍ വെള്ളം കയറി, കുടുംബത്തെ മാറ്റി പാർപ്പിച്ചു. ജില്ലയിൽ മലയോര മേഖലകളിലും മഴ ശക്‌തമാണ്. കനത്ത മഴ കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ സ്‌കൂളുകൾക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ ശക്‌തമായ മഴയിൽ വീട് തകർന്നു. താഴെ തിരുവമ്പാടി, കുനിയൻ പറമ്പത്ത് ഇടത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. പാലക്കാട് നെല്ലിയാമ്പതിയിലും ശക്‌തമായ മഴയുണ്ടായി. പുലർച്ചെ തുടങ്ങിയ മഴ തുടരുകയാണ്. രണ്ട് വീടുകളിൽ വെള്ളം കയറി. കോട്ടയത്ത് ശക്‌തമായ മഴയിൽ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. പാലാ ഇടനാട് പാറത്തോട് ശ്രീനിവാസന്റെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.
കോഴിക്കോട് പതങ്കയം വെളളച്ചാട്ടത്തിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് തിരച്ചിൽ നിർത്തി വച്ചിരുന്നു. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ഈസ്‌റ്റ് മലയമ്മ സ്വദേശി ഹുസ്‍നി വെള്ളച്ചാട്ടത്തിൽ അകപ്പെട്ടത്. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.
Most Read: സ്വര്‍ണക്കടത്തിൽ സംസ്‌ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗൗരവമുള്ളത്; അനുരാഗ് സിംഗ് ഠാക്കൂര്‍








































