ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്നു. റോഡിലേക്ക് വീണ മൺകൂനയിൽ സ്‌കൂട്ടർ ഇടിച്ച് വയോധികൻ മരിച്ചു. വെളളാരംകുന്ന് പാറപ്പള്ളിൽ വീട്ടിൽ പിഎം തോമസ് (തങ്കച്ചൻ- 66) ആണ് മരിച്ചത്. മത്തൻകട ഭാഗത്ത് രാത്രിയിലായിരുന്നു അപകടം. കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.
കനത്ത മഴയിൽ റോഡിൽ മണ്ണും കല്ലും കിടക്കുന്നത് കാണാതെ സ്‌കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. കുമളിയിലും പരിസര പ്രദശങ്ങളിലും വീടുകളിൽ വെള്ളം കയറി. മൂന്നാർ-കുമളി റോഡിൽ പുറ്റടിക്ക് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, കൂട്ടാർ, മുണ്ടിയെരുമ, തൂവൽ എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി.
കൂട്ടാർ, തൂവൽ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടം റിപ്പോർട് ചെയ്‌തത്. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന വാൻ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ശക്‌തമായ മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 24 മണിക്കൂറിൽ ഉയർന്നത് 5.75 അടിയാണ്. അണക്കെട്ടിൽ നിലവിൽ 138.90 അടി വെള്ളമുണ്ട്. 1400 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുമ്പോൾ 8705 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
അതേസമയം, സംസ്‌ഥാനത്ത് തുലാവർഷം കനക്കുകയാണ്. അടുത്ത അഞ്ചുദിവസം സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട് ആയിരിക്കും.
21ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 22ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട് തുടരും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം.
Most Read| ബിഹാറിൽ ധാരണയാകാതെ ഇന്ത്യ, ജെഎംഎം തനിച്ച് മൽസരിക്കും; സൂക്ഷ്‌മ പരിശോധന നാളെ