തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനാൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് നാളെ അവധി. കുട്ടനാട് താലൂക്കിലും അവധിയാണ്.
കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സ്‌കൂളുകൾക്ക് മാത്രമാണ് അവധി. കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ടും തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, മഴക്കെടുതിയിൽ സംസ്‌ഥാനത്ത് ഇന്ന് മൂന്ന് മരണങ്ങൾ റിപ്പോർട് ചെയ്‌തു. കോട്ടയം ചെറുവള്ളി എസ്‌റ്റേറ്റിൽ മരം പൊട്ടിവീണുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. മുനിയ സ്വാമിയാണ് മരിച്ചത്. അഴീക്കോട് ആയനിവയൽ കുളത്തിൽ നീന്തുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മാട്ടൂൽ സ്വദേശി ഇസ്‌മയിലാണ് മരിച്ചത്. അഗ്‌നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോന്നി മുറിഞ്ഞകല്ലിന് സമീപം തോട്ടിൽവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി പ്രവീൺ ശേഖറാണ് മരിച്ചത്.
കോന്നി അലുവാപ്പുറം എള്ളംകാവ് ക്ഷേത്രത്തിനടുത്ത് വലിയതോട്ടിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. അതിനിടെ, കോഴിക്കോട് കുന്നമംഗലത്ത് പുഴയിൽ വീണ ആളെ കാണാതായി. ചാത്തമംഗലം ചെറുപുഴയിൽ വീണ മാധവൻ നായരെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!