ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിയായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രതാ നിർദ്ദേശം തുടരുന്നു. ചെന്നൈയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ നാലുപേർ മരിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വന്ദേഭാരത് അടക്കം ആറ് ട്രെയിനുകൾ കൂടി റദ്ദാക്കി. ചെന്നൈ-കൊല്ലം ട്രെയിനും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയിൽ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെ ആന്ധ്രയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. കരയിൽ പ്രവേശിക്കുമ്പോൾ 110 കിലോമീറ്റർ വേഗം പ്രതീക്ഷിക്കുന്നതിനാൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതീതീവ്രമഴയെ തുടർന്ന് ചെന്നൈ എയർപോർട് അടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ ഒമ്പത് മണിവരെ അടച്ചിടാൻ തീരുമാനിച്ചത്. നിലവിൽ 33 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
അഞ്ചു പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയിൽ ചെന്നൈ നഗരം വൻ ജലാശയമായി മാറി. കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി. വൈദ്യുതാഘാതമേറ്റ് രണ്ടുപേരും മരം വീണ് ഒരാളുമുൾപ്പടെ നാലുപേർ മരിച്ചു. ആയിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഇന്നലെ ഉച്ചവരെ 34 സെന്റീമീറ്റർ മഴയാണ് ചെന്നൈ നഗരത്തിൽ പെയ്തത്.
Most Read| ഭരണവിരുദ്ധ വികാരം അലയടിച്ചു; മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റിന് ചരിത്രവിജയം








































