കാസർഗോഡ്: ജില്ലയിൽ കനത്ത മഴ തുടരുന്നു. തേജസ്വിനി പുഴ കരകവിഞ്ഞതോടെ നീലേശ്വരം പാലായിലും പരിസരങ്ങളിലും വീടുകളിൽ വെള്ളം കയറി. മധുവാഹിനി പുഴ കരകവിഞ്ഞതോടെ മധൂർ ക്ഷേത്ര പരിസരം വെള്ളത്തിന് അടിയിലായി. കനത്ത മഴയെ തുടർന്ന് വെള്ളരിക്കുണ്ട് പനത്തടി കമ്മാടി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 29 പേരെ മാറ്റിപ്പാർപ്പിച്ചു.
കല്ലേപ്പള്ളി പ്രദേശത്ത് ഇന്ന് രാവിലെ 6.23ന് നേരിയ ഭൂചലനമുണ്ടായി. കർണാടക തീരം വരെ നിലനിന്നിരുന്ന ന്യൂനമർദ്ദ പാത്തി വീണ്ടും വടക്കൻ കേരള തീരത്തേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതോടെ വടക്കൻ കേരളത്തിൽ മഴ വീണ്ടും കനക്കാനാണ് സാധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ഈ സീസണിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിച്ച ആദ്യ ജില്ലയായി കാസർഗോഡ് മാറിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. 1300 മില്ലീമീറ്റർ മഴയാണ് ജൂൺ ഒന്ന് മുതൽ ജൂലൈ പത്ത് വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ടത്. എന്നാൽ നിലവിൽ ലഭിച്ചത് 1302 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.
Most Read: വീട്ടിൽ അതിക്രമിച്ച് കയറി ഏഴ് വയസുകാരിയെ കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ






































