ഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. റഷ്യ-യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ പ്രതിഷേധം കണക്കിലെടുത്താണ് എംബസിക്ക് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചത്. റഷ്യ- യുക്രൈന്‍ യുദ്ധത്തിനിടെ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ആദ്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടവരാണ് റൊമേനിയയിലേക്ക് യാത്ര ആരംഭിച്ചത്. ഇതില്‍ 240 പേര്‍ വിദ്യാര്‍ഥികളാണ്. ചെര്‍നിവ്‌സികിലെ ബുക്കോവിനിയന്‍ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണിവര്‍.
വിദ്യാര്‍ഥികൾക്ക് യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്‌റ്റുകളില്‍ എത്തണമെന്ന് അധികൃതര്‍ നേരത്തെ നിര്‍ദ്ദേശം നൽകിയിരുന്നു. വിദ്യാര്‍ഥികളോട് ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും പാസ്‌പോര്‍ട്ടും, പണവും കയ്യില്‍ കരുതാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇന്ത്യന്‍ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്‌സികിലും എത്തിയിട്ടുണ്ട്.
ഇന്ത്യക്കാരുടെ ഒഴിപ്പില്‍ നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. നാല് അയല്‍രാജ്യങ്ങള്‍ വഴിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നതെന്നും യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തിയവരെ വിസ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: 5ജി സേവനം; ലേല നടപടികൾ തുടങ്ങാൻ നിർദ്ദേശം