ഇരിട്ടി: കാലവർഷം ശക്‌തിപ്രാപിക്കാനുള്ള സാധ്യതയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നിലവിൽ വന്നു. വ്യാഴാഴ്‌ച മുതലാണ് നിരോധനം നിലവിൽ വന്നത്. ജൂലൈ അഞ്ചുവരെ ഒരുമാസത്തേക്കാണ് ഭാരവാഹനങ്ങൾക്ക് കുടക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കണ്ടെയ്‌നറുകൾ, ബുള്ളറ്റ് ടാങ്കറുകൾ, മരം, മണൽ എന്നിവ കൊണ്ടുപോകുന്ന ലോറികൾ, ടോറസ് ലോറികൾ, മൾട്ടി ആക്‌സിൽ ടിപ്പറുകൾ തുടങ്ങിയ വലിയ ചരക്കു വാഹനങ്ങളുടെ ഗതാഗതമാണ് പൂർണമായി നിരോധിച്ചത്. ബസ് ഉൾപ്പടെയുള്ള യാത്രാ വാഹനങ്ങൾക്ക് നിരോധനമില്ല. പച്ചക്കറികൾ അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങൾക്കും ലോറികൾക്ക് നിയന്ത്രണം ബാധകമല്ല.
നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ദുരന്തനിയമപ്രകാരം കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തലശേരി-കുടക് അന്തസംസ്‌ഥാന പാതയുടെ ഭാഗമായ ചുരം റോഡിൽ മണ്ണിടിച്ചിൽ ഭീഷണി ശക്‌തമാണ്. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന കൂറ്റൻ മരങ്ങൾ ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്‌ഥയിലാണ്. ഇത്തവണ കാലവർഷം തുടങ്ങിയതിന് ശേഷം മരം വീണ് അഞ്ചുതവണ ഇവിടെ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
Most Read| രാജ്യസഭാ പ്രവേശനം; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കമൽഹാസൻ







































