ടെഹ്റാൻ: ഹെലികോപ്ടർ അപകടത്തിൽ ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഹെലികോപ്ടർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രസിഡണ്ട് ഉൾപ്പടെ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ഒമ്പത് പേരും മരിച്ചതായി സ്ഥിരീകരണം വന്നത്.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി ആലഹഷെം എന്നിവരും ഹെലികോപ്ടർ പ്രസിഡണ്ടിനൊപ്പം ഉണ്ടായിരുന്നു. ഇവരെല്ലാം കൊല്ലപ്പെട്ടു. മൂന്ന് ഹെലികോപ്ടറുകളാണ് പ്രസിഡണ്ടിന്റെ യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. മറ്റു രണ്ടെണ്ണവും സുരക്ഷിതമാണ്.
അപകടം നടന്നത് ഇന്നലെയാണെങ്കിലും 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകട സ്ഥലത്ത് എത്താനായത്. പ്രതികൂല കാലാവസ്ഥ ആയിരുന്നു പ്രധാന വെല്ലുവിളി. ജീവന്റെ തുടിപ്പ് പോലും അവശേഷിക്കുന്നില്ലെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തുർക്കിയുടെ ഡ്രോൺ സംഘമാണ് കത്തിക്കരിഞ്ഞ നിലയിൽ ഹെലികോപ്ടർ കണ്ടെത്തിയത്.
മലയിടുക്കുകളിൽ തട്ടിയാണ് അപകടം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇറാൻ- അസർബൈജാൻ അതിർത്തിയിൽ ക്വിസ് കലാസി അണക്കെട്ടിന്റെ ഉൽഘാടനം കഴിഞ്ഞു മടങ്ങവെയാണ് റഈസിയുടെ ഹെലികോപ്ടർ വിദൂരവനമേഖലയിൽ ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. അസർബൈജാൻ പ്രസിഡണ്ട് ഇൽഹഹം അലിയേവും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ൽ ഇറാൻ പ്രസിഡണ്ടായ ഇബ്രാഹീം റഈസി, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ശിഷ്യനും അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമാണ്. ഗാസ യുദ്ധം മൂലം കലുഷിതമായ മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ.
Most Read| അവയവക്കടത്ത്; 20 പേരെ ഇറാനിലെത്തിച്ചതായി പ്രതി; കൂടുതൽ ഉത്തരേന്ത്യയിൽ നിന്നുള്ളവർ