കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെ, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മൂന്നുവർഷം സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. സർക്കാർ നിഷ്‌ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ൽ റിപ്പോർട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും നിർദ്ദേശിച്ചു. ഇതിലെ വിവരങ്ങൾ പരിശോധിച്ചശേഷം കേസെടുക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ മുന്നോട്ടു പോകാമെന്ന് ജസ്‌റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ, സിഎസ് സുധ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. രണ്ടാഴ്‌ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇതിൻമേലുള്ള റിപ്പോർട് സമർപ്പിക്കണം.
എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്‌തമാക്കി സർക്കാരും റിപ്പോർട് സമർപ്പിക്കണം. റിപ്പോർട്ടുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് പ്രത്യേകാന്വേഷണ സംഘം പരിശോധിക്കേണ്ടത്. കേസിലെ പരാതിക്കാരിക്ക് കേസുമായി മുന്നോട്ട് പോകേണ്ട എന്നാണെങ്കിൽ അത് മാനിക്കണം. റിപ്പോർട്ടിന്റെ രഹസ്യസ്വഭാവം നിലനിർത്തണമെന്നും കോടതി പറഞ്ഞു.
മൂന്നുവർഷം സർക്കാർ നടപടിയെടുത്തില്ല എന്നുള്ളത് ആശ്‌ചര്യമുളവാക്കുന്നതാണ്. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടതുണ്ട് എന്നത് സാമാന്യകാര്യമാണ്. അതുണ്ടായില്ല. റിപ്പോർട്ടിൽ ബലാൽസംഗം, പോക്‌സോ കേസുകൾ രജിസ്‌റ്റർ ചെയ്യാനുള്ള വസ്‌തുതയുണ്ട്. കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന സർക്കാർ വാദം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
റിപ്പോർട്ടിൻമേലുള്ള ശുപാർശകൾ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങിയിരുന്നെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 2023ൽ സിനിമാനയം രൂപീകരിക്കാനുള്ള കാര്യങ്ങൾ ആരംഭിച്ചിരുന്നെന്നും സർക്കാർ പറഞ്ഞു. എന്നാൽ, ഒരു റിപ്പോർട് കൈയിൽ ഉണ്ടായിട്ടും നാലുവർഷം എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ച കോടതി, ഏതൊരു വിഷയത്തിലും എത്രയും പെട്ടെന്ന് നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്