തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർനടപടികളിലേക്ക് പോകുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. 24 നിർദ്ദേശങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത്. അത് നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു.
റിപ്പോർട് രഹസ്യമായി സൂക്ഷിക്കണമെന്ന് റിട്ട. ജസ്‌റ്റിസ് ഹേമ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സാംസ്‌കാരിക വകുപ്പിലെ സ്‌റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറുടെ കൈവശമായിരുന്നു ഹേമ കമ്മീഷൻ റിപ്പോർട്. 2022ൽ വിവരാവകാശ കമ്മീഷണർ വിൻസൺ എം പോൾ ഹേമ കമ്മീഷൻ റിപ്പോർട് പുറത്തുവിടരുതെന്ന് നിർദ്ദേശിച്ചു. അതിനാൽ റിപ്പോർട് പുറത്തുവിടാത്ത മാറ്റിവെച്ചു സർക്കാർ മാന്യത കാണിച്ചുവെന്നും മന്ത്രി പറഞ്ഞു.
നടന്നത് വലിയ പ്രക്രിയയാണ്. നിസ്സാരമായി കാണരുത്. അതിന്റെ തുടർച്ചയാണ് നവംബറിൽ നടക്കുന്ന കോൺക്ളേവ്. സിനിമാ, സീരിയൽ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും കോൺക്ളേവിൽ വിശദമായി ചർച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോൺക്ളേവിൽ കൊണ്ടുവരും. പരാതി ഉണ്ടെങ്കിൽ കേസെടുക്കും. ഇപ്പോൾ പറഞ്ഞ ഭാഗം ചർച്ച ചെയ്‌ത ശേഷം തുടർനടപടികളിലേക്ക് പോകേണ്ടതാണെങ്കിൽ പോകുമെന്നും മന്ത്രി പറഞ്ഞു.
റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെയെന്നും മന്ത്രി വ്യക്‌തമാക്കി. കോടതിയുടെ പരിഗണനയിലുള്ള റിപ്പോർട്ടാണ്. പുറത്തുവിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടി എടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെ. സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും പരാതി വന്നാൽ കർശന നടപടിയുണ്ടാകും. ഒരു വിട്ടുവീഴ്‌ചയും സർക്കാർ ചെയ്യില്ല. സർക്കാർ എപ്പോഴും സ്‌ത്രീ സമൂഹത്തിനൊപ്പമാണ്. ഇപ്പോൾ വന്ന റിപ്പോർട്ടിൽ ഒരാളുടെയും പേര് പറഞ്ഞു കേട്ടില്ല. ഞങ്ങൾക്ക് മുന്നിൽ പരാതിയും വന്നിട്ടില്ല. പരാതികൾ പരിഗണിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുമോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം