തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തലുകൾ നടത്തിയ ഇരുപതിലധികം പേരുടെ മൊഴികൾ ഗൗരവസ്വഭാവം ഉള്ളതാണെന്ന് അന്വേഷണ സംഘം. ഇന്നലെ ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. ഇവരിൽ ഭൂരിപക്ഷം പേരെയും പത്ത് ദിവസത്തിനുള്ളിൽ നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
നിയമനടപടി തുടരാൻ ആഗ്രഹിക്കുന്നവരുടെ മൊഴിയിൽ അടുത്ത മാസം മൂന്നാം തീയതിക്കുള്ളിൽ കേസെടുക്കും. ഒരാഴ്‌ചക്കകം നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുപ്പ്. റിപ്പോർട് ഉടൻ ഹൈക്കോടതിയിലും സമർപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോർട് സംബന്ധിച്ച് കേസെടുക്കുന്നത് ഹൈക്കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും.
3896 പേജുകൾ ഉള്ളതാണ് ഹേമ കമ്മിറ്റി റിപ്പോർട്. മൊഴി നൽകിയവരിൽ പൂർണമായ പേരും മേൽവിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോർട് തയ്യാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടാനും ആലോചനയുണ്ട്. ഗൗരവമെന്ന് വിലയിരുത്തിയ 20 പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാംഘട്ടത്തിലും വനിതാ ഉദ്യോഗസ്‌ഥർ നേരിട്ട് ബന്ധപ്പെടും.
മൊഴി നൽകിയവരുടെ താൽപര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനമുണ്ടാവുക. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സിനിമയിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞു രംഗത്തെത്തിയത്. ഇതിൽ പലരും പരാതി നൽകാൻ തയ്യാറായിരുന്നു. ഈ പരാതികളിൽ പോലീസ് കേസും എടുത്തിരുന്നു. ഇതിന് പുറമെ റിപ്പോർട് പഠിച്ചു നടപടിയെടുക്കാൻ ഹൈക്കോടതി എസ്ഐടിയെ (പ്രത്യേക അന്വേഷണ സംഘം) നിയോഗിക്കുകയായിരുന്നു.
Most Read| എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന