ന്യൂഡെൽഹി: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് ശനിയാഴ്‌ച പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. റിപ്പോർട് പുറത്തുവിടുന്നതിന് എതിരായ ഹരജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി.
വിവരാവകാശ നിയമപ്രകാരം റിപ്പോർട് പുറത്തുവിടുന്നതിന് എതിരെ കൊച്ചി സ്വദേശിയായ സിനിമാ നിർമാതാവ് സജിമോൻ നൽകിയ ഹരജിയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയത്. ഇതിന്റെ വിധിപ്പകർപ്പ് സംസ്‌ഥാന സർക്കാരിന് ഇന്നലെ ലഭിച്ചിരുന്നു. തുടർന്നാണ് സാംസ്‌കാരിക വകുപ്പ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടാനുള്ള നടപടി ആരംഭിച്ചത്.
റിപ്പോർട് പുറത്തുവിടാൻ ജൂലൈ ആദ്യവാരമാണ് സംസ്‌ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്. വിവരാവകാശ നിയമപ്രകാരം വിലക്കുള്ളവ ഒഴിച്ചുള്ള ഒന്നും മറച്ചു വെക്കരുതെന്നും വിവരം പുറത്തുവിടുമ്പോൾ വ്യക്‌തികളുടെ സ്വകാര്യത ലംഘിക്കുന്നതെന്നും സംസ്‌ഥാന വിവരാവകാശ കമ്മീഷണർ ഡോ. എഎ ഹക്കീമിന്റെ ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു.
ഈ നടപടിക്രമങ്ങൾ പാലിച്ചു റിപ്പോർട്ടിലെ 266 പേജുകൾ പുറത്തുവിടാൻ സാംസ്‌കാരിക വകുപ്പ് ഒരുങ്ങിയപ്പോഴാണ് ഹൈക്കോടതിയുടെ സ്‌റ്റേ വന്നത്. സ്‌റ്റേ നീങ്ങിയ സാഹചര്യത്തിൽ, വിവരങ്ങൾ ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ച അഞ്ചുപേർക്ക് വീണ്ടും നോട്ടീസ് നൽകിയ ശേഷമാകും സാംസ്‌കാരിക വകുപ്പിലെ വിവരാവകാശ ഓഫീസർ നടപടി സ്വീകരിക്കുക.
Most Read| വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം