കോഴിക്കോട്: ഒന്നരവർഷം മുൻപ് കോഴിക്കോട്ട് നിന്ന് കാണാതായ ഹേമചന്ദ്രനെ കൊലചെയ്‌തത് വയനാട് ബത്തേരിയിലെ ഒരു വീട്ടിൽ നിന്നാണെന്ന് വിവരം. ഹേമചന്ദ്രൻ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളായ നൗഷാദ് എന്നയാൾ രണ്ടുവർഷത്തോളം കൈവശം വെച്ച വീടാണിത്. ഇവിടെ രണ്ടുദിവസം പാർപ്പിച്ച് മർദ്ദിച്ച ശേഷമാണ് ഹേമചന്ദ്രൻ കൊലപ്പെടുത്തിയതെന്നാണ് വിവരം.
ഇവിടെ നിന്ന് പാട്ടവയൽവഴി വാഹനത്തിൽ കൊണ്ടുപോയി തമിഴ്‌നാട്ടിലെ വനമേഖലയിലുള്ള ചതുപ്പിൽ കുഴിച്ചുമൂടിയതെന്നാണ് പോലീസ് പറയുന്നത്. ഹേമചന്ദ്രനെ രഹസ്യമായി കുഴിച്ചുമൂടാനാണ് കേസിൽ അറസ്‌റ്റിലായ സുൽത്താൻ ബത്തേരി സ്വദേശികളായ ജ്യോതിഷ് കുമാറിനെയും ബിഎസ് അജേഷിനെയും നൗഷാദ് വിളിച്ചുവരുത്തിയത്. കൊലപാതകം നടന്നശേഷം, കുഴിച്ചുമൂടാനുള്ള സ്‌ഥലം കണ്ടെത്താൻ ജ്യോതിഷ് കുമാറും അജേഷും പലയിടത്തും പോയി നോക്കിയിരുന്നു.
അതിനുശേഷമാണ് നീലഗിരി ജില്ലയിലെ ചേരമ്പാടിക്കടുത്ത് കാപ്പിക്കുടുക്ക എന്ന വനമേഖല തിരഞ്ഞെടുത്തത്. നൗഷാദും കൂട്ടുപ്രതികളും ചേർന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. കണ്ണൂരുകാരിയായ സ്‌ത്രീയെ ഉപയോഗിച്ചാണ് ഹേമചന്ദ്രൻ കുടുക്കിയതെന്ന് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ പറഞ്ഞു.
ഒരു ഡോക്‌ടറുടെ വീട്ടിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് നൗഷാദ് പരസ്യം നൽകിയിരുന്നു. അതിലെ നമ്പറിലേക്ക് ഈ സ്‌ത്രീ വിളിക്കുകയായിരുന്നു. തുടർന്ന് അടുപ്പം സ്‌ഥാപിച്ച ശേഷം ഹേമചന്ദ്രൻ ട്രാപ്പിലാക്കാനുള്ള ജോലി നൗഷാദ് ഇവരെ ഏൽപ്പിക്കുകയായിരുന്നു. ഹേമചന്ദ്രനിൽ നിന്ന് കുറച്ച് പണം കിട്ടാനുണ്ടെന്നും അത് വാങ്ങിത്തരാൻ കൂടെ നിൽക്കണമെന്നുമാണ് നൗഷാദ് ഈ സ്‍ത്രീയോട് ആവശ്യപ്പെട്ടത്.
തുടർന്ന്, സ്‌ത്രീ ഹേമചന്ദ്രനുമായി പരിചയം സ്‌ഥാപിച്ചു. അങ്ങനെ നേരിട്ട് കാണാനെന്നുപറഞ്ഞ് നൗഷാദും സംഘവുമുള്ള സ്‌ഥലത്തേക്ക് യുവതിയെ എത്തിക്കുകയായിരുന്നു. ഹേമചന്ദ്രൻ പണം കൊടുക്കാനുള്ള ഗുണ്ടൽപേട്ടിലെ ഒരു സ്‌ത്രീയുടെ സഹായം കൂടി ലഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. കേസിൽ സഹായം ചെയ്‌ത മറ്റു പ്രതികളെയും പിടികൂടാനുണ്ട്.
നൗഷാദിനെ സൗദിയിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഊട്ടി മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്‌ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചു. കുടുംബാംഗങ്ങൾ എത്തി തിരിച്ചറിഞ്ഞെങ്കിലും ഡിഎൻഎ പരിശോധനാഫലം ലഭിച്ച ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയുള്ളൂ.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!