വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; കേസ് ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട് മേരിക്കുന്ന് പോസ്‌റ്റ് ഓഫീസ് ജീവനക്കാർക്കെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഉണ്ടായിരുന്ന കേസാണ് റദ്ദാക്കിയത്.

By Senior Reporter, Malabar News
MALABARNEWS-HIGHCOURT
Representational Image
Ajwa Travels

കൊച്ചി: അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന വഖഫ് ബോർഡിന്റെ പരാതിയിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട 2013ലെ നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയിരിക്കുന്നത്. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് മുനമ്പത്ത് ഉൾപ്പടെ ഏറെ തർക്കങ്ങൾ നിലനിൽക്കുന്ന സമയത്താണ് ഹൈക്കോടതിയുടെ നിർണായക വിധി.

കോഴിക്കോട് മേരിക്കുന്ന് പോസ്‌റ്റ് ഓഫീസ് ജീവനക്കാർക്കെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഉണ്ടായിരുന്ന കേസാണ് റദ്ദാക്കിയത്. 1999 സെപ്‌തംബർ മുതൽ സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്താണ്‌ വാടകയ്‌ക്ക് മേരിക്കുന്ന് പോസ്‌റ്റ് ഓഫീസ് പ്രവർത്തിച്ചു വരുന്നത്. ഇതിന്റെ കരാർ യഥാസമയം പുതുക്കുകയും ചെയ്‌തിരുന്നു.

പോസ്‌റ്റ് ഓഫീസ് ഇരിക്കുന്ന സ്‌ഥലത്ത്‌ ഷോപ്പിങ് കോംപ്ളക്‌സ് നിർമിക്കുകയാണെന്നും ഇതിനാൽ തന്റെ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് ഓഫീസ് പ്രവർത്തനം മാറ്റണമെന്നും കെട്ടിടം ഉടമസ്‌ഥൻ പോസ്‌റ്റ് ഓഫീസ് അധികൃതരോട് ആവശ്യപ്പെട്ടു. മതിയായ സുരക്ഷ കെട്ടിടത്തിന് ഉണ്ടാകണമെന്ന നിബന്ധനയോടെ പോസ്‌റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

2005 ജൂണിലായിരുന്നു ഇത്. കെട്ടിടത്തിന് പുതിയ ഗ്രിൽ വെച്ചു നൽകാമെന്ന് ഉടമസ്‌ഥൻ 2006 ഓഗസ്‌റ്റിൽ പോസ്‌റ്റ് ഓഫീസിനെ അറിയിച്ചെങ്കിലും 2014 വരെ ഇത് നടപ്പാക്കിയില്ല. ഈ സമയം വരെ വാടകയും സ്വീകരിച്ചിരുന്നു. കുറച്ചു നാൾക്കുശേഷം കെട്ടിടം ഉടമ വാടക സ്വീകരിക്കാതായി. പിന്നാലെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്‌റ്റ് ഓഫീസിന് നോട്ടീസും അയച്ചു.

ഇതിനൊപ്പം സ്‌ഥലം തിരിച്ചുപിടിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് വഖഫ് ട്രൈബ്യൂണലിനും സ്‌ഥലം ഉടമ പരാതി നൽകി. ട്രൈബ്യൂണൽ ഇതിനിടെ സ്‌ഥലം ഉടമയ്‌ക്ക്‌ അനുകൂലമായി വിധി പറഞ്ഞെങ്കിലും പോസ്‌റ്റ് ഓഫീസിന്റെ അപ്പീലിൽ ഈ വിധി റദ്ദാക്കി. ഇതിനിടെയാണ് പോസ്‌റ്റ് ഓഫീസ് ഭൂമി കയ്യേറിയെന്ന് കാട്ടി വഖഫ് ബോർഡ് സിഇഒ നോട്ടീസ് ഇറക്കുന്നത്.

കേസ് വീണ്ടും ട്രൈബ്യൂണൽ മുമ്പാകെയെത്തി. 45 ദിവസത്തിനകം സ്‌ഥലം ഒഴിയണമെന്ന് ട്രൈബ്യൂണൽ പോസ്‌റ്റ് ഓഫീസിന് നിർദ്ദേശം നൽകി. ഇതനുസരിച്ച് സ്‌ഥലം തേടി പോസ്‌റ്റ് ഓഫീസ് പത്രപ്പരസ്യങ്ങൾ നൽകിയെങ്കിലും സ്‌ഥലം കിട്ടിയില്ല. ഇതിന് പിന്നാലെയാണ് പോസ്‌റ്റ് ഓഫീസ് ജീവനക്കാർക്കെതിരെ 2013ലെ നിയമഭേദഗതി അനുസരിച്ചുള്ള വഖഫ് നിയമത്തിലെ വകുപ്പ് 52എ അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് കോടതിയെ സമീപിക്കുന്നത്.

ഇതിനെതിരെ പോസ്‌റ്റ് ഓഫീസ് അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോസ്‌റ്റ് ഓഫീസ് 1999 മുതൽ പ്രവർത്തിക്കുകയാണെന്നും നിയമഭേദഗതി വന്നത് 2013ൽ ആണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഈ വകുപ്പനുസരിച്ചുള്ള കേസ് നിലനിൽക്കില്ലെന്ന് വ്യക്‌തമാക്കിയാണ് കേസ് റദ്ദാക്കിയത്. 2023ൽ സുപ്രീം കോടതി സമാന സ്വഭാവമുള്ള കേസിന്റെ ഉത്തരവിൽ ഇക്കാര്യം വ്യക്‌തമാക്കിയിരുന്നു. ആ ഉത്തരവ് കൂടി പരിഗണിച്ചാണ് ഹൈക്കോടതി വിധി.

Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE