കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി തിരികെയെത്തിക്കണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ശബരിമല ശ്രീകോവിൽ ഉൾപ്പടെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് 1998 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ജസ്‌റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് നിർദ്ദേശം.
ശ്രീകോവിൽ, ദ്വാരപാലക ശിൽപ്പം, ലിന്റൽ, കമാനം തുടങ്ങിയവ സ്വർണം പൂശിയത് മുതൽ ഇതുവരെയുള്ള രജിസ്‌റ്റർ, മഹസർ ഉൾപ്പടെ മുഴുവൻ രേഖകളും ഹാജരാക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, കോടതിയുടെ അനുമതി തേടാതെ സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ ദേവസ്വം ബോർഡ് കോടതിയിൽ ക്ഷമാപണം നടത്തി.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ചെന്നൈയിലെ സ്‍മാർട് ക്രിയേഷൻസ് എന്ന സ്‌ഥാപനത്തെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചു. 2019ൽ ചെന്നൈ മലയാളിയാണ് ഈ സ്‌ഥാപനം വഴി സ്വർണപ്പാളികൾ സ്‌പോൺസർ ചെയ്‌തത്. തുടർന്ന് ഇത്തവണത്തെ അറ്റകുറ്റപ്പണി നടത്താനായി ഈ സ്‌ഥാപനത്തിലേക്ക് തന്നെ കൊണ്ടുപോവുകയായിരുന്നു എന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്.
കോടതി അനുമതിയില്ലാതെ സ്വർണപാളി ഇളക്കിയെന്നാണ് സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താൻ പാടുള്ളൂവെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാത്തത് ഗുരുതര വീഴ്‌ചയാണെന്ന് വ്യക്‌തമാക്കിയാണ് കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട് നൽകിയത്.
ഇതോടെ, സ്വർണപ്പാളി തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. ശബരിമല ശ്രീകോവിലിന് മുന്നിൽ ഇരുവശത്തുമുള്ള ദ്വാരപാലകരുടെ മുകളിൽ സ്‌ഥാപിച്ചിരുന്ന സ്വർണം പൂശിയ ചെമ്പ് പാളികളാണ് അറ്റകുറ്റപ്പണികൾ നടത്താൻ ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെ, ഇത് നിർമിച്ച് സമർപ്പിച്ച ചെന്നൈയിലെ സ്‌ഥാപനത്തിലേക്ക് കൊണ്ടുപോയത്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം






































