കൊച്ചി: തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജിയിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസയച്ച് ഹൈക്കോടതി. മൂന്നാഴ്‌ചക്കകം മറുപടി നൽകാനാണ് നിർദ്ദേശം. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചാണ് ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.
വോട്ടെടുപ്പ് ദിനത്തിൽ മതചിഹ്‌നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു, ശ്രീരാമന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹരജിയിൽ ഉള്ളത്. ഇതെല്ലാം നടന്നത് സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹരജിയിൽ പറയുന്നു. ഇന്നാണ് ഹരജി ഹൈക്കോടതിയുടെ പരിഗണനയിൽ വന്നത്. പ്രാഥമികവാദമോ സുരേഷ് ഗോപിയുടെ മറുപടിയോ കോടതി കേട്ടിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന തൃശൂരിൽ അട്ടിമറി വിജയമാണ് സുരേഷ് ഗോപി നേടിയത്. കോൺഗ്രസ് സ്‌ഥാനാർഥി കെ മുരളീധരനും എൽഡിഎഫ് സ്‌ഥാനാർഥി വിഎസ് സുനിൽ കുമാറുമായിരുന്നു എതിരാളികൾ.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ







































