കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള ആറ് വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യം ചെയ്‌ത് ഹൈക്കോടതി. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്ത് അധികാരമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ലല്ലോ എന്നും ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു.
എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നിട്ടും തങ്ങളുടെ കക്ഷികളായ വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഫലം പ്രസിദ്ധീകരിക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശമുണ്ടെന്നും വാദമുയർന്നു. തുടർന്നാണ് ഫലം തടഞ്ഞുവെച്ചതിനെ കോടതി ചോദ്യം ചെയ്‌തത്. വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇതിനായി കേസ് ഡയറി ഉൾപ്പടെയുള്ളവ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്‌ചര്യകരമാണ്. രാജ്യത്തെ ക്രിമിനൽ നിയമ സംവിധാനം ലക്ഷ്യമിടുന്നത് കുറ്റവാളികളുടെ പരിവർത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്‌തെന്ന പേരിൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കാനോ ഫലം തടഞ്ഞുവെക്കാനോ സാധിക്കുമോ? കുറ്റകൃത്യത്തിൽ ഉൾപ്പെട്ടു എന്ന പേരിൽ പരീക്ഷയെഴുതുന്നത് വിലക്കാൻ അധികാരമുണ്ടോയെന്നും കോടതി ആരാഞ്ഞു.
ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്‌ഥർ ഉത്തരവാദികളാകാമെന്ന് വ്യക്‌തമാക്കിയ കോടതി, ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ഹരജിക്കാർക്ക് നിർദ്ദേശം നൽകി. ജാമ്യത്തിൽ വിട്ടാൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ജീവൻ അപകടത്തിലാകുമെന്നും വിലയിരുത്തി നേരത്തെ ഹൈക്കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിൽ കഴിയുന്ന ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ജസ്‌റ്റിസ് ജോബിൻ സെബാസ്‌റ്റ്യൻ തള്ളിയത്. ഫെബ്രുവരി 28നാണ് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയും ഇതിനിടെ ഷഹബാസിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നത്.
മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത്. താമരശ്ശേരി വ്യാപാരഭവനില്‍വെച്ച് ട്രിസ് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പത്താം ക്ളാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയെ തുടർന്നുണ്ടായ സംഘർഷമാണ് വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ