കൊച്ചി : സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിരെ ഹൈക്കോടതി ഉത്തരവ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അഡ്വ. ജോണ്‍ നുമ്പേലിയും മറ്റുമാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നടന്നു വരുന്ന സമരങ്ങളും പ്രതിഷേധങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കോണ്‍ഗ്രസ്, ബിജെപി, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സ്വര്‍ണ്ണക്കടത്തു കേസിലും മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടും നടത്തുന്ന സമരങ്ങളാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരിക്കുന്നത്. ഒപ്പം തന്നെ വെഞ്ഞാറമ്മൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു നടത്തിയ സമരങ്ങളും കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നടത്തുന്ന ഇത്തരം ഒത്തുചേരലുകള്‍ കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. കേസുമായി ബന്ധപ്പെട്ട് എതിര്‍ കക്ഷികളായ പാര്‍ട്ടികള്‍ക്ക് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. യുഡിഎഫ്‌ന് വേണ്ടി ഇന്ന് കോടതിയില്‍ അഭിഭാഷകന്‍ ഹാജരായിരുന്നു. എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വേണ്ടി ഇതുവരെ അഭിഭാഷകര്‍ ഹാജരായിട്ടില്ല.
Read also : അതിര്‍ത്തി തുറന്നു; ഹിമാചലിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം