കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള കുട്ടികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിൽ കഴിയുന്ന ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ജസ്‌റ്റിസ് ജോബിൻ സെബാസ്‌റ്റ്യൻ തള്ളിയത്.
കുട്ടികൾ പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും ജീവന് ഭീഷണിയുണ്ടെന്നും വ്യക്‌തമാക്കിയാണ് ജാമ്യഹരജികൾ തള്ളിയത്. വിദ്യാർഥികൾ രക്ഷിതാക്കൾ മുഖേനയാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. ഇവരുടെ ജാമ്യാപേക്ഷ ജുവനൈൽ ജസ്‌റ്റിസ് ബോർഡും സെഷൻസ് കോടതിയും തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ജാമ്യം നിഷേധിക്കാൻ സെഷൻസ് കോടതി ഉന്നയിച്ച കാര്യങ്ങളൊന്നും ശരിയല്ലെന്ന് വിദ്യാർഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു. കുട്ടികൾ പുറത്തിറങ്ങിയാൽ അക്രമവും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. ജാമ്യം അനുവദിച്ചാൽ വിദ്യാർഥികൾ ജില്ലയിൽ പോലും പ്രവേശിക്കില്ലെന്ന് ഉറപ്പ് നൽകാമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.
ജുവനൈൽ ജസ്‌റ്റിസ് നിയമം പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ മാത്രമല്ല, പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കാൻ കൂടിയുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 28നാണ് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയും ഇതിനിടെ ഷഹബാസിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നത്.
മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത്. താമരശ്ശേരി വ്യാപാരഭവനില്‍വെച്ച് ട്രിസ് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പത്താം ക്ളാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയെ തുടർന്നുണ്ടായ സംഘർഷമാണ് വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.
ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുമായി എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ആറ് വിദ്യാർഥികളാണ് കേസിൽ കുറ്റാരോപിതരായിട്ടുള്ളത്. പ്രതികളെല്ലാവരും പ്രായപൂർത്തി എത്താത്തവർ ആയതിനാൽ വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണ് താമസിപ്പിച്ചിരിക്കുന്നത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ