കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വാദം കേൾക്കും. കുറ്റാരോപിതരായ ആറ് വിദ്യാർഥികൾ രക്ഷിതാക്കൾ മുഖേനയാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് സെഷൻസ് കോടതി തള്ളിയിരുന്നു.
ജാമ്യാപേക്ഷയിൽ തടസവാദം ഉന്നയിക്കുന്നതിനായി ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്‌ബാൽ, അഭിഭാഷകരായ കെപി മുഹമ്മദ് ആരിഫ്, കോടോത്ത് ശ്രീധരൻ, യുകെ അബ്‍ദുൽ ജലീൽ എന്നിവർ മുഖേന ഹൈക്കോടതിയിൽ ഹാജരാവുന്നുണ്ട്.
ഫെബ്രുവരി 28നാണ് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയും ഇതിനിടെ ഷഹബാസിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നത്. മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത്.
താമരശ്ശേരി വ്യാപാരഭവനില്‍വെച്ച് ട്രിസ് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പത്താം ക്ളാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയെ തുടർന്നുണ്ടായ സംഘർഷമാണ് വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുമായി എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു.
ആറ് വിദ്യാർഥികളാണ് കേസിൽ കുറ്റാരോപിതരായിട്ടുള്ളത്. പ്രതികളെല്ലാവരും പ്രായപൂർത്തി എത്താത്തവർ ആയതിനാൽ വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണ് താമസിപ്പിച്ചിരിക്കുന്നത്. കേസിൽ നേരത്തെ ജുവനൈൽ ജസ്‌റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇവർ ജില്ലാ കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയും അപേക്ഷ തള്ളിയതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ