ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരെ ഭോപ്പാലിലെ ബിജെപി മന്ത്രിയായ വിജയ് ഷാ നടത്തിയ ക്രൂരമായ പരാമർശത്തിലാണ് കേസെടുക്കാനുള്ള നീക്കം. മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായാണ് കുറ്റകരമായ പരാമർശം നടത്തിയത്. കേസെടുക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലഭിച്ചു.
പ്രഥമദൃഷ്ട്യാ വിജയ് ഷാ നടത്തിയ പരാമര്‍ശം കുറ്റകരമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്ന് തന്നെ കേസ് രജിസ്‌റ്റർ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബിഎന്‍എസ് നിയമത്തിലെ 196 വകുപ്പനുസരിച്ച് കേസെടുക്കണം. മന്ത്രിയുടെ പരാമര്‍ശം അപകടകരമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.
കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജസ്‌റ്റിസുമാരായ അതുല്‍ ശ്രീധര്‍, അനുരാധ ശുക്‌ള എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിർദേശം. വാര്‍ത്തകളുടെ മാത്രം അടിസ്‌ഥാനത്തില്‍ കേസെടുക്കരുതെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയോട് അഭ്യർഥിച്ചു. എന്നാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവെന്ന് ഹൈക്കോടതിയുടെ വിശദീകരിച്ചു.
ഏപ്രിൽ 22ന് കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ പാകിസ്‌ഥാനിലേക്ക് അയച്ചു എന്നായിരുന്നു വിജയ് ഷായുടെ വിവാദ പരാമർശം. “പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹോദരിയെ പാകിസ്‌ഥാനിലേക്ക് അയച്ചത്. നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്‌തത്. അവർ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെൺമക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാണ്“-വിജയ് ഷാ പറഞ്ഞിരുന്നു.
പ്രസംഗ വിവാദം രൂക്ഷമായതോടെ ബിജെപി മന്ത്രി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേന സ്വീകരിച്ച നടപടികളെ ഞങ്ങൾ ബഹുമാനിക്കുന്നു. തന്റെ പരാമർശങ്ങളെ വളച്ചൊടിക്കുന്നവരുടെ വിവേകത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. സോഫിയ ഖുറേഷി രാജ്യത്തിന്റെ അഭിമാനമാണ്. ഞങ്ങൾ രണ്ട് സഹോദരിമാരെയും ബഹുമാനിക്കുന്നു എന്നായിരുന്നു വിജയ് ഷായുടെ പ്രതികരണം.
തന്റെ പ്രസ്‌താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താൻ തയ്യാറാണെന്നും, സഹോദരിയേക്കാൾ കേണൽ ഖുറേഷിയെ താൻ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്‌ജാകരവും അസഭ്യവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിമർശിച്ചിരുന്നു. ബിജെപിയും ആർഎസ്‌എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്ന് ഖർഗെ കുറ്റപ്പെടുത്തുകയും ചെയ്‌തു.
വിഷയത്തിൽ പ്രതികരിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെയും ബിജെപി നേതൃത്വത്തിനെതിരെയും വിമർശനങ്ങൾ ഉണ്ടായിരുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ സാധന സിങ്ങിനെതിരെ നടത്തിയ പരാമർശത്തിന് പിന്നാലെയുണ്ടായ പ്രതിഷേധത്തെത്തുടർന്ന് വിജയ് ഷാ രാജിവെച്ചിരുന്നു. 2013ലായിരുന്നു സംഭവം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭയിൽ നിന്നാണ് അന്ന് വിജയ് ഷാ രാജിവെച്ചത്. ഖണ്ട്വ ജില്ലയിലെ ഹർസുദ് നിയമസഭാ മണ്ഡലത്തിൽ നിന്ന് എട്ട് തവണ എംഎൽഎയായി തിരഞ്ഞെടുത്ത വ്യക്‌തി കൂടിയാണ് വിജയ് ഷാ.
KERALA | നിപ രോഗിയുടെ നില ഗുരുതരം; ഏഴുപേരുടെ ഫലം കൂടി നെഗറ്റീവ്