കൊച്ചി: ഉൽസവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. എഴുന്നള്ളിപ്പിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി വിമർശിച്ചു.
തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കിൽ തിമിംഗലത്തെയും എഴുന്നള്ളിപ്പിന് ഉപയോഗിച്ചേനെയെന്നും കോടതി വിമർശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.
ഭാരം മറ്റൊരു കാലിലേക്ക് മാറ്റാൻ പോലും കഴിയാത്ത വിധം മുറുക്കിയാണ് ആനകളുടെ ഇരുകാലുകളും തമ്മിൽ ബന്ധിപ്പിക്കുന്നത്. കാലുകൾ ബന്ധിക്കപ്പെട്ട ഒരു മനുഷ്യന് അഞ്ചു മിനിറ്റെങ്കിലും നിൽക്കാൻ കഴിയുമോ? മുൻകാലുകൾ ബന്ധിപ്പിച്ചു മണിക്കൂറുകളോളം നിൽക്കുന്ന ആനയുടെ സ്‌ഥിതി മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും കോടതി വാക്കാൽ ചൂണ്ടിക്കാട്ടി.
ആനകളെ എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഓർമിപ്പിച്ചുകൊണ്ടുള്ള ചില നിർദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. ഉൽസവങ്ങൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം നൽകണം. ആനകളെ അണിനിരത്തുന്ന ക്ഷേത്രങ്ങളിലോ മറ്റിടങ്ങളിലോ മതിയായ ഇടം ഉണ്ടായിരിക്കണം. ആനകൾക്കിടയിൽ അകലം പാലിക്കുകയും ആൾത്തിരക്ക് നിയന്ത്രിക്കുകയും വേണം. ആനകൾക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!