കൊച്ചി: ഹിജാബ് വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ പഠനം തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് വിദ്യാർഥിനിയുടെ പിതാവ്. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നുമാണ് പിതാവ് പിഎം അനസ് അറിയിച്ചിരിക്കുന്നത്.
വിഷയത്തിൽ ഇടപെട്ട സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും നന്ദിയുണ്ടെന്നും മതസൗഹാർദം തകരുന്ന ഒന്നും സമൂഹത്തിൽ ഉണ്ടാകരുതെന്നും അനസ് പറഞ്ഞു. പേടിയും പനിയും വന്ന് മകൾ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളിൽ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നതെന്നും അനസ് പറഞ്ഞു.
എന്നാൽ, ന്യായമായ ഈ ആവശ്യം ചോദിച്ചപ്പോൾ സ്‌കൂൾ അധികൃതർ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് ഉൾപ്പടെ താൻ പരാതി നൽകി. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്‌തു. എന്നിട്ടും മകളെ ഹിജാബ് ധരിച്ച് പോകാൻ മാനേജ്മെന്റ് അനുവദിച്ചില്ലെന്നും അനസ് വ്യക്‌തമാക്കി.
അതിനിടെ, സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വീണ്ടും രംഗത്തെത്തി. കുട്ടി സ്‌കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്‌ത്രമിട്ട പ്രിൻസിപ്പാലാണെന്നും മന്ത്രി വിമർശിച്ചു.
ആ കുട്ടിക്ക് സ്‌കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ പേരിലാണ് കുട്ടി സ്‌കൂളിലേക്ക് പോകാത്തതെന്നും ആരുടെ വീഴ്‌ച മൂലമാണ് പോകാത്തതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്. കുട്ടിയെ വിളിച്ചു പ്രശ്‌നം തീർക്കാൻ ശ്രമിക്കണം.
യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ച ആവശ്യമില്ല. സ്‌കൂളിന് മാന്യമായി പ്രശ്‌നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു. ശിരോവസ്‌ത്രം ധരിച്ച് നിൽക്കുന്ന അധ്യാപികയാണ് കുട്ടി ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസമെന്നും മന്ത്രി ശിവൻകുട്ടി വിമർശിച്ചു. ഹിജാബ് ധരിച്ചതിന്റെ പേരിൽ എട്ടാം ക്ളാസ് വിദ്യാർഥിനിയെ ക്ളാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവമാണ് വിവാദമായത്.
Most Read| സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ഗൗരി; ചുമതലയേറ്റു