
മലപ്പുറം: മുഖം മൂടുന്ന പര്‍ദയല്ലാത്ത, ആളുകളെ മനസിലാക്കുന്നതിന് ഒരുബുദ്ധിമുട്ടും സൃഷ്‌ടിക്കാത്ത ഹിജാബ് അഥവാ ശിരോവസ്‌ത്രം നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധം രേഖപ്പെടുത്തി ഖലീൽ അൽ ബുഖാരി.
ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന വകവെച്ച് തരുന്നുണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം കാലം എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുവദിച്ച് കൊടുക്കുക എന്നതാണ് ഭരണഘടനയുടെ 25ആം വകുപ്പിന്റെ അന്തസത്ത. അതിനു പകരം ഓരോ ആചാരങ്ങളെയും കോടതി പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കുമ്പോള്‍ ഇഷ്‌ടമുള്ള മതം പിന്തുടരുക എന്ന ഭരണഘടനാ വാഗ്‌ദാനം ലംഘിക്കപ്പെടും; ഖലീൽ അൽ ബുഖാരി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
ഹിജാബ് മുസ്‌ലിം പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകാശമാണ്. അത് മറ്റൊരാളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കാത്തതുമാണ്. അതിനാല്‍ കർണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണം. ഇത്തരമൊരു വിധിയുടെ പശ്‌ചാത്തലത്തിൽ ക്യാമ്പസിനകത്തും പുറത്തും പെൺകുട്ടികൾ അക്രമിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നു. ഭരണകൂടം ഈ വിഷയത്തിൽ വേണ്ട ജാഗ്രത പുലർത്തണമെന്നും ഇദ്ദേഹം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
Most Read: യുക്രൈനിൽ റഷ്യ രാസായുധം പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടൺ





































