ബെംഗളൂരു: ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ ഇന്ന് കർണാടകയിൽ ബന്ദ്. ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. കര്‍ണാടകയിലെ പ്രധാന പത്ത് മുസ്‌ലിം സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. സമാധാനപരമായാണ് ബന്ദ് നടത്തുകയെന്ന് ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദ് പറഞ്ഞു. ബന്ദിന്റെ ഭാഗമായി പ്രകടനമോ പ്രതിഷേധ റാലികളോ പാടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്‌ലിം വിദ്യാർഥികൾ നൽകിയ ഹരജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്‌റ്റിസ് ഋതു രാജ് അവസ്‍തി അധ്യക്ഷനും ജസ്‌റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത്, ജസ്‌റ്റിസ് ജെഎം ഖാസി എന്നിവർ അംഗങ്ങളുമായ ബെഞ്ചായിരുന്നു വിധി പ്രസ്‌താവിച്ചത്.
ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ബുധനാഴ്‌ച ക്ളാസുകൾ ബഹിഷ്‌കരിച്ചു. ചിക്കമംഗളൂരു, ഹാസൻ, റെയ്ച്ചൂർ എന്നീ സ്‌ഥലങ്ങളിലായിരുന്നു വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Most Read: മരിയുപോളിലെ തിയേറ്ററിന് നേരെ റഷ്യ ആക്രമണം നടത്തി; യുക്രൈന്‍