കോഴിക്കോട്: സംസ്‌ഥാനത്ത് എന്നല്ല, ഇന്ത്യയിൽ ആദ്യമായി അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ അതിജീവിച്ച് 14 വയസുകാരൻ. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഈ രോഗബാധ മൂലം തുടരെ മൂന്ന് മരണങ്ങൾ കേരളത്തിൽ റിപ്പോർട് ചെയ്‌തിരുന്നു. എന്നാൽ, പ്രതീക്ഷയുടെ തിരിതെളിച്ചാണ് 14-കാരന്റെ തിരിച്ചുവരവ്.
ഒമ്പത് ദിവസം ഐസിയുവിൽ കിടന്ന ശേഷമാണ് കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. രക്ഷിതാക്കളുടെയും ആശുപത്രി ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. ജൂൺ 30ന് വൈകിട്ടാണ് കുട്ടിക്ക് അപസ്‌മാരത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടായത്. പയ്യോളിയിലെ ഒരു ക്ളിനിക്കിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
കുട്ടി കുളത്തിൽ കുളിച്ച കാര്യം ഡോക്‌ടറോട് പറഞ്ഞു. ഇതോടെയാണ് സംശയം തോന്നിയത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു കുട്ടികൾ ഇതേ ആശുപത്രിയിൽ നേരത്തെ ചികിൽസയിൽ ഉണ്ടായിരുന്നതിനാൽ ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയാനായി. ആശുപത്രിയിൽ എത്തിച്ച അന്നുതന്നെ കുട്ടിക്ക് ഈ രോഗത്തിനുള്ള മരുന്നുകളും നൽകിത്തുടങ്ങി.
അതിന് ശേഷമാണ് രോഗം സ്‌ഥിരീകരിച്ച് പരിശോധനാ ഫലം പോലും വന്നത്. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തി മരുന്നുകൾ നൽകാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടമായത്. മസ്‌തിഷ്‌കത്തെ കാർന്നു തിന്നുന്ന രോഗാണു ബാധിച്ചാൽ മരണം ഉറപ്പെന്നായിരുന്നു ഇതുവരെയുള്ള ഫലം. എന്നാൽ, തിക്കോടിയിലെ കുട്ടി അത് തിരുത്തിക്കുറിച്ച് ചരിത്രത്തിന്റെ ഭാഗമായി.
രണ്ടു മാസത്തിനിടെ മൂന്ന് കുട്ടികളാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ഈ അസുഖം ബാധിച്ച് മരിച്ചത്. കോഴിക്കോടും കൊച്ചിയിലുമായി രണ്ടു കുട്ടികൾ കൂടി ചികിൽസയിൽ ഉണ്ട്. കൊച്ചിയിൽ ചികിൽസയിലുള്ള തൃശൂർ സ്വദേശിയായ കുട്ടിയുടെ നില ഭേദപ്പെട്ടു. എന്നാൽ, കോഴിക്കോട് ചികിൽസയിലുള്ള കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം