മലപ്പുറം: രണ്ട് വർഷമായി ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ആൾതാമസമില്ലാത്ത വീടുകൾ കുത്തിപൊളിച്ചു കവർച്ച നടത്തിയിരുന്ന മോഷ്‌ടാവ് പിടിയിൽ. തൃശൂർ അണ്ടത്തോട് ചെറായിതോട്ടുങ്ങൽ ഷജീറിനെയാണ് (37) മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. രണ്ടാഴ്‌ച മുൻപ് മഞ്ചേരി അസിസ്‌റ്റന്റ് സെഷൻസ് ജഡ്‌ജിയുടെ ഉൾപ്പടെ നിരവധി വീടുകൾ അർദ്ധ രാത്രിയിൽ കുത്തിപൊളിച്ചു കവർച്ച നടത്തിയ കേസിലെ പ്രതിയാണ് ഒടുവിൽ കുടുങ്ങിയത്.
2007 മുതൽ കളവ് തൊഴിലാക്കിയ പ്രതി സംസ്‌ഥാനത്തെ വിവിധ സ്‌ഥലങ്ങളിൽ കുറഞ്ഞ കാലയളവിൽ വാടകക്ക് താമസിച്ചാണ് മോഷണം നടത്തിയിരുന്നത്. തൊട്ടടുത്ത ടൗണിൽ ജോലിയാണെന്ന് നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ഇയാൾ ചെയുന്നത്. തുടർന്ന് കാറിലും ബൈക്കിലും കറങ്ങി ആൾതാമസമില്ലാത്ത വീടുകൾ കണ്ടെത്തി അർദ്ധരാത്രിയിൽ പ്രത്യേക ഉപകരണങ്ങളുമായി എത്തി കളവ് നടത്തുകയാണ് ഷജീറിന്റെ പതിവ് രീതി.
വിവിധ സ്‌ഥലങ്ങളിൽ നിന്ന് മോഷ്‌ടിച്ച സ്വർണാഭരണങ്ങൾ പ്രതി പട്ടാമ്പിയിലെ ജ്വല്ലറിയിലും വാച്ച്, ക്യാമറ തുടങ്ങിയവ പെരിന്തൽമണ്ണയിൽ ഉള്ള ഷോപ്പിലും വിൽപ്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ, വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളാണ് ഷജീർ. പ്രതിക്കെതിരെ വടക്കേക്കാട്, പെരുമ്പടപ്പ്, മങ്കട, പൊന്നാനി, ചാവക്കാട്, ആലുവ, ഗുരുവായൂർ, പെരുമ്പാവൂർ, എറണാകുളം നോർത്ത് തുടങ്ങിയവ സ്‌റ്റേഷനുകളിലായി അമ്പതോളം കളവ് കേസുകൾ നിലവിലുണ്ട്.
Most Read: ബാങ്ക് വായ്‌പ തിരിച്ചടക്കാൻ നോട്ടീസ്; തൃശൂരിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു




































