കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി അദ്ദേഹത്തെ വീണ്ടും വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. പുലർച്ചെ അഞ്ചുമണിയോടെയാണ് ബോബി ചെമ്മണ്ണൂരിനെ രണ്ടാമതും വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം, പോലീസിന്റെ കസ്‌റ്റഡി അപേക്ഷയും ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് നൽകാനാണ് സാധ്യത. താൻ കുറ്റം ചെയ്‌തിട്ടില്ലെന്നാണ് പോലീസിനോട് ബോബി ആവർത്തിച്ച് പറയുന്നത്. പരാമർശങ്ങൾ ദുരുദ്ദേശ്യപരമായിരുന്നില്ല. അഭിമുഖങ്ങളിലടക്കം പങ്കുവെച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്‌ളീല പദപ്രയോഗങ്ങൾ എന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും ബോബി ചെമ്മണ്ണൂർ പോലീസിനോട് പറഞ്ഞു.
അശ്‌ളീല ആംഗ്യങ്ങളിലൂടെയും ദ്വയാർഥ പ്രയോഗങ്ങളിലൂടെയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്‌ത്രീത്വത്തെ അപമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ എറണാകുളം പോലീസിൽ പരാതി നൽകിയത്. 2024 ഓഗസ്‌റ്റിൽ ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉൽഘാടനത്തിന് ചെന്നപ്പോൾ സംഭവിച്ച കാര്യങ്ങൾ പരാതിയിൽ നടി വ്യക്‌തമാക്കിയിട്ടുണ്ട്.
പിന്നാലെ ബോബിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. എറണാകുളം സെൻട്രൽ പോലീസും വയനാട് എസ്‌പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേർന്നാണ് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ബോബിയെ കസ്‌റ്റഡിയിൽ എടുത്തത്. വയനാട് മേപ്പാടിയിൽ ‘1000 ഏക്കർ’ എന്ന പേരിൽ ബോബിക്ക് തേയില എസ്‌റ്റേറ്റും റിസോർട്ടുമുണ്ട്. ഈ റിസോർട്ടിൽ വെച്ചാണ് രാവിലെ പോലീസ് അതിനാടകീയമായി ഇദ്ദേഹത്തെ പിടികൂടിയത്.
പോലീസ് വാഹനത്തിൽ റോഡ് മാർഗമാണ് ഇയാളെ എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെത്തിച്ചത്. രാത്രി 7.30നാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് രണ്ടുമണിക്കൂറിലേറെ ചോദ്യം ചെയ്‌തു. പിന്നാലെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന. അതിനിടെ, ഹണി റോസ് ഇന്നലെ മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നു. എറണാകുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് ഹണി റോഡ് രണ്ടു മണിക്കൂറോളം രഹസ്യമൊഴി നൽകിയത്.
ഇതിന്റെ പകർപ്പ് ഇന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും. പകർപ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. രാമൻപിള്ള അസോഷ്യേറ്റ്‌സാണ് ബോബിക്ക് വേണ്ടി ഹാജരാകുന്നത്.
Most Read| ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ