വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈ നിമിഷം മുതൽ 48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂർണമായി തുറന്നില്ലെങ്കിൽ, യുഎസ് അവരുടെ വിവിധ ഊർജ പ്ളാന്റുകൾ ആക്രമിച്ച് തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കമെന്നും അദ്ദേഹം തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സൈനിക നടപടികൾ പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ, പ്രവചനാതീതവും അസ്‌ഥിരവുമായ നിലപാടുകൾ സ്വീകരിക്കുന്ന ട്രംപിന്റെ പതിവ് ശൈലിയായിരുന്നു ഇതെന്നായിരുന്നു വിലയിരുത്തൽ.
”പശ്‌ചിമേഷ്യയിലെ ഞങ്ങളുടെ മഹത്തായ സൈനിക പരിശ്രമങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുമ്പോൾ, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് ഞങ്ങൾ വളരെ അടുത്തിരിക്കുന്നു. സംഘർഷം ഇനി എങ്ങോട്ട് പോകുന്നതിനെ കുറിച്ച് തനിക്ക് ഒരുപക്ഷേ ഒരു പദ്ധതി ഉണ്ടായിരിക്കാം. അല്ലെങ്കിൽ ഇല്ലായിരിക്കാം”- എന്നായിരുന്നു ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്.
ഹോർമുസ് കടലിടുക്ക് അത് ഉപയോഗിക്കുന്ന രാജ്യങ്ങൾ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യണമെന്നും, അമേരിക്ക അത് ചെയ്യുന്നില്ലെന്നും ട്രംപ് പറഞ്ഞു. രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ അവരെ സഹായിക്കും. എന്നാൽ, ഇറാന്റെ ഭീഷണി ഇല്ലാതാക്കി കഴിഞ്ഞാൽ അതിന്റെ ആവശ്യം വരില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി വെടിനിർത്തൽ കരാറിലെത്താൻ സാധ്യതയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എണ്ണവിലയുടെ കുതിച്ചുചാട്ടം യുഎസ് ഓഹരി വിപണിയെ തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഈ അവ്യക്‌തമായ സന്ദേശങ്ങൾ പുറത്തുവന്നത്. വർധിച്ചുവരുന്ന നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കപ്പലുകളിൽ കയറ്റിയ ഇറാനിയൻ എണ്ണയുടെ ഉപരോധം നീക്കുമെന്ന് പോലും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. എന്നാൽ, നിലവിൽ കപ്പലുകളിൽ എണ്ണയൊന്നും ഇല്ലെന്നാണ് ഇറാൻ പ്രതികരിച്ചത്.
Most Read| പെൻഷൻ, ശമ്പള വിതരണം; 3,700 കോടി രൂപ കൂടി കടമെടുക്കാൻ സംസ്‌ഥാനം







































