കണ്ണൂർ: ആയിക്കരയിലെ ഹോട്ടലുടമയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണ് ജസീറിനെ (35) കൊലപ്പെടുത്തിയതെന്നും മുൻ വൈരാഗ്യമില്ലെന്നും പ്രതികൾ പോലീസിനോട് വ്യക്‌തമാക്കി.
നെഞ്ചിലേറ്റ കുത്താണ് മരണകാരണം. പ്രതികൾ പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ വിശദീകരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. സുഹൃത്തിന്റെ ബൈക്ക് എടുക്കാനായി ആയിക്കര മൽസ്യ മാർക്കറ്റിന് സമീപം കാറിൽ എത്തിയതായിരുന്നു ജസീർ. സുഹൃത്ത് ബൈക്ക് എടുക്കാൻ പോയ സമയം ജസീർ കാറിൽ തന്നെ ഇരുന്നു.
ഇതിനിടെ സ്‌ഥലത്ത് ബൈക്കിൽ എത്തിയ റയീബ്, ഹനാൻ എന്നിവരുമായി സംസാരിക്കുകയും പിന്നീട് വാക്കുതർക്കമാവുകയും ചെയ്‌തു. ഇതിനിടെ മൂർച്ചയുള്ള ഇരുമ്പ് കമ്പി കൊണ്ട് റയീബ് ജസീറിനെ കുത്തുകയായിരുന്നു. എന്താണ് ഇവർ സംസാരിച്ചതെന്ന് വ്യക്‌തമല്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ കാര്യങ്ങൾക്ക് വ്യക്‌തത വരുമെന്ന് പോലീസ് പറഞ്ഞു.
ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപെട്ടിരുന്നു. ജസീറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിസരത്തെ സിസിടിവി പരിശോധിച്ച ശേഷം പോലീസ് അടുത്തുള്ള കെട്ടിടത്തിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ആയുധം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
Also Read: ദിലീപിനെതിരായ ഗൂഢാലോചന കേസ്; കൊച്ചിയിലെ ഫ്ളാറ്റിൽ തെളിവെടുപ്പ് നടത്തി ക്രൈം ബ്രാഞ്ച്