കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ശനിയാഴ്ചത്തെ ചോദ്യം ചെയ്യൽ കസ്റ്റംസ് പൂർത്തിയാക്കി. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന് നിർദ്ദേശിച്ച് അദ്ദേഹത്തെ വിട്ടയച്ചു.
Also Read: ഭൂമിയിടപാട് വിഷയത്തില്‍ പിടി തോമസിനെതിരെ പോര് മുറുക്കി സിപിഎം
ശനിയാഴ്ചത്തെ ചോദ്യം ചെയ്യലിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശിവശങ്കറിൽ നിന്ന് ചോദിച്ചറിഞ്ഞത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തന്റെ ഭാഗം വിശദീകരിക്കുന്നതിനും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കുന്നതിനും രണ്ട് ദിവസത്തെ സമയമാണ് കസ്റ്റംസ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച വ്യക്തമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന് സാധിച്ചില്ലെങ്കിൽ അടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച യുഎഇ കോൺസുലേറ്റിൽ നിന്ന് ഈന്തപ്പഴം എത്തിച്ചതുമായി ബന്ധപ്പെട്ട് 11 മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം പതിവ് പോലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. പിന്നാലെ, കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ നിന്ന് മടങ്ങി. അതിനിടെ, കാക്കനാട് വനിതാ ജയിലിൽ എത്തിയ കസ്റ്റംസ് സ്വപ്നാ സുരേഷിനേയും ചോദ്യം ചെയ്തിരുന്നു.






































