തിരൂർ: മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു. തിരൂരിലാണ് സംഭവം. ഈ സമയം വീട്ടുകാർ പുറത്തായതിനാൽ വലിയ ദുരന്തം ഒഴിവായി. ചാർജ് ചെയ്യാൻ വെച്ച പവർബാക് പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പിൽ അബൂബക്കർ സിദ്ദിഖിന്റെ വീടാണ് കത്തിനശിച്ചത്.
സിദ്ദിഖും കുടുംബവും കൂട്ടായിയിലെ ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് തീപിടിത്തമുണ്ടായത്. വസ്‌ത്രങ്ങളും ഗൃഹോപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും ചില രേഖകളും ഉൾപ്പടെയെല്ലാം കത്തി നശിച്ചു. വൈകീട്ട് ആറുമണിയോടെ കുടുംബത്തോടൊപ്പം പോയ സിദ്ദിഖ്, രാത്രി മടങ്ങുന്നതിനിടെ വീടിന് തീപിടിച്ച വിവരം നാട്ടുകാർ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
ഒരു കിടപ്പുമുറിയും ശൗചാലയവും അടുക്കളയും സിറ്റൗട്ടും മാത്രമുള്ള ഓലമേഞ്ഞതായിരുന്നു വീട്. തിരൂർ അഗ്‌നിരക്ഷാ നിലയത്തിൽ നിന്ന് സേന സ്‌ഥലത്ത് എത്തിയപ്പോഴേക്കും നാട്ടുകാർ തീയണച്ചിരുന്നു. തിരൂർ പോലീസ് കേസുടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിവൈഎസ്‌പി സി. പ്രേമാനന്ദ കൃഷ്‌ണൻ അറിയിച്ചു.
Most Read| റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തിരക്കിട്ട നീക്കം; ട്രംപ്-പുട്ടിൻ കൂടിക്കാഴ്‌ച ഉടൻ