ആലപ്പുഴ: ധൻബാദ് എക്സ്പ്രസിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുന്നതിനിടെയാണ് കോച്ചിന് അടിയിൽ മനുഷ്യന്റെ തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടെത്തിയത്.
ട്രെയിനിന്റെ എസ് 5 കോച്ചിനടിയിലാണ് അറ്റ നിലയിൽ കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച ആരുടെയോ കൈ ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് ധൻബാദിൽ നിന്ന് ട്രെയിൻ ആലപ്പുഴയിൽ എത്തിയത്. ഇന്ന് രാവിലെ ആലപ്പുഴയിൽ നിന്ന് ട്രെയിൻ പുറപ്പെടാനിരിക്കെ ആയിരുന്നു.
പിന്നാലെ എസ് 5 കോച്ച് പിടിച്ചിട്ട ശേഷം സർവീസ് ആരംഭിച്ചു. സംഭവത്തിൽ ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ധൻബാദ് എക്സ്പ്രസ് കടന്നു പോകുന്ന പാതയിൽ ആരെങ്കിലും ട്രെയിൻ തട്ടി മരണപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ റെയിൽവേ അന്വേഷിച്ചു വരികയാണ്.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി






































