പാലക്കാട്: കോട്ടേക്കുളം ഒടുകിൻചുവട്ടിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് കാരണം കുടുംബ വഴക്കാണെന്ന് ഭർത്താവ് മൊഴി നൽകിയതായി പോലീസ്. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകളും പോലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു.
ഒടുകിൻചുവട് കൊച്ചുപറമ്പിൽവീട്ടിൽ എൽസിയാണ് (60) മരിച്ചത്. കൊലപാതകത്തിനു ശേഷം മരിക്കാൻ ശ്രമിച്ച ഭർത്താവ് വർഗീസ് (61) ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ഇയാൾ അപകടനില തരണം ചെയ്‌തതായി പോലീസ് പറഞ്ഞു.
വർഗീസിനെ ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്‌ത ശേഷം തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കുമെന്ന് വടക്കഞ്ചേരി ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് എം മഹേന്ദ്രസിംഹൻ പറഞ്ഞു.
ബുധനാഴ്‌ച ഉച്ചക്ക് 12.30നാണ് സംഭവം. ഭാര്യയെ കൊന്നുവെന്നും താനും മരിക്കാൻ പോവുകയാണെന്ന് വർഗീസ് വടക്കഞ്ചേരി പോലീസ് സ്‌റ്റേഷനിൽ വിളിച്ച് പറയുകയായിരുന്നു. ഉടനെ സ്‌ഥലത്തെത്തിയ വടക്കഞ്ചേരി പോലീസ് വർഗീസിനെ രക്ഷിച്ചു. എൽസിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ആരോഗ്യപുരം സെന്റ് മേരീസ്‌പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.
Most Read: കെഎസ്ഇബിയിലെ തര്‍ക്കം; തിങ്കളാഴ്‌ച സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തും






































