വാഷിങ്ടൻ: ഇസ്രയേൽ- ഇറാൻ സംഘർഷം അയവില്ലാതെ തുടരവെ, ഇറാനിലെ ആണവകേന്ദ്രങ്ങൾ അക്രമിക്കരുതെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നൽകി രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) തലവൻ റഫാൽ ഗ്രോസി. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് ആണവ സുരക്ഷയെ ബാധിക്കുമെന്നും അണുവികിരണമായിരിക്കും ആക്രമണത്തിന്റെ ഫലമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അണുവികിരണത്തിന് ഇടയാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇസ്രയേൽ- ഇറാൻ സംഘർഷം ആരംഭിച്ചപ്പോൾ മുതൽ ഇറാനിലെ ആണവ കേന്ദ്രങ്ങളുടെ സ്‌ഥിതി നിരീക്ഷിക്കുകയാണെന്നും റഫാൽ ഗ്രോസി പറഞ്ഞു.
അതേസമയം, ടെഹ്റാനിലെ മിസൈൽ ഫാക്‌ടറി അടക്കം ഇറാനിലെ ഡസനോളം സൈനികത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ടെഹ്റാനിൽ ഒരു ആണവ ശാസ്‌ത്രജ്‌ഞനെക്കൂടി വധിച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലിൽ ടെൽ അവീവ്, ഹൈഫ, ബീർഷേബ നഗരങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ 17 പേർക്ക് പരിക്കേറ്റു.
അതിനിടെ, തെക്കൻ ഇസ്രയേലിലെ ജനവാസ കേന്ദ്രങ്ങളിൽ പതിച്ച ഇറാൻ മിസൈലേറ്റ് ഏതാനും കെട്ടിടങ്ങൾക്ക് കേടുപാടുപറ്റി. ഇറാനിൽ മരണസംഖ്യ 657 ആയി. ഇസ്രയേലിലേത് 25ഉം. സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാൻ ഇപ്പോഴും സാധ്യതയുള്ളതിനാൽ ഇസ്രയേലിനൊപ്പം ചേരുന്നതിന് രണ്ടാഴ്‌ച സാവകാശം നൽകാൻ നിശ്‌ചയിച്ചിരിക്കുകയാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
Most Read| വയനാട് പുനരധിവാസം; 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്‌തു