ന്യൂഡെൽഹി: ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്‌ഥാനിൽ പതിച്ച സംഭവത്തിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) അന്വേഷണം പുരോഗമിക്കുന്നു. പ്രാഥമിക അന്വേഷണം ഒരു ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്‌ഥന്റെ ഇടപെടലിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട് ചെയ്‌തു.
വ്യോമ ആസ്‌ഥാനത്ത് നിയോഗിച്ചിട്ടുള്ള ഒരു എയർ വൈസ് മാർഷൽ റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം നടത്താൻ ഏറ്റവും യോഗ്യതയുള്ളയാളാണ് ഇദ്ദേഹമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യൻ വ്യോമതാവളത്തിൽ നിന്ന് അബദ്ധത്തിൽ തൊടുത്തുവിട്ട ബ്രഹ്‌മോസ് മിസൈൽ പാകിസ്‌ഥാനിലെ മിയാൻ ചന്നു എന്ന സ്‌ഥലത്താണ് പതിച്ചത്. സംഭവത്തിൽ പാകിസ്‌ഥാൻ സർക്കാർ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതിനുമുമ്പ് തന്നെ ഇന്ത്യ അന്വേഷണം ആരംഭിച്ചിരുന്നു.
മാർച്ച് 9ന് പാകിസ്‌ഥാൻ പ്രദേശത്തേക്ക് ആകസ്‌മികമായി മിസൈൽ വിക്ഷേപിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മാർച്ച് 15ന് പറഞ്ഞു. “നിർഭാഗ്യവശാൽ മാർച്ച് 9 ന് ഒരു മിസൈൽ അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടു. പതിവ് പരിശോധനക്കിടെയാണ് സംഭവം. പിന്നീടാണ് അത് പാകിസ്‌ഥാനിൽ പതിച്ചെന്ന് അറിഞ്ഞത്. സംഭവം സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സഭയെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഔദ്യോഗിക ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രസ്‌തുത അപകടത്തിന്റെ യഥാർഥ കാരണം അന്വേഷണത്തിൽ കണ്ടെത്തും, ”- രാജ്യസഭയിൽ രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.
രാജ്‌നാഥ് സിംഗ് പാർലമെന്റിൽ നടത്തിയ പ്രസ്‌താവന പാകിസ്‌ഥാൻ തള്ളിയിരുന്നു. ഈ വിഷയത്തിൽ പാർലമെന്റിൽ രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്‌താവന അപൂർണവും അപര്യാപ്‌തവും ആണെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞത്.
“ഇന്ത്യൻ പ്രതിരോധ മന്ത്രി ലോക്‌സഭയിൽ പറഞ്ഞത് അപര്യാപ്‌തവും അപൂർണവുമാണ്. പാകിസ്‌ഥാനെ തൃപ്‌തിപ്പെടുത്താൻ അത് പോരാ. ഞാൻ അത് നിരസിക്കുകയും സംയുക്‌ത അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നു,”- ഖുറേഷി ഇസ്‌ലാമാബാദിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിരുത്തരവാദപരമായ പ്രവർത്തിക്ക് നിരുത്തരവാദപരമായ പ്രസ്‌താവനയാണ് രാജ്‌നാഥ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: മാസ്‌ക് തുടരണം; നിയന്ത്രണം നീക്കിയെന്ന വാർത്തകള്‍ തള്ളി കേന്ദ്രം








































