ലഖ്‌നൗ: കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനു ശേഷം വിശ്രമമില്ലാതെ രക്ഷാ കവചമായി പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകരും മറ്റ് ഉദ്യോഗസ്‌ഥരും. ഇവർ ഓരോ ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങൾ വിലമതിക്കാത്തതാണ്. സ്വന്തം ജീവൻ പോലും വെല്ലുവിളിയിൽ ആകുമ്പോഴും പിന്നോട്ട് പോകാതെയാണ് ഇവരുടെ പ്രവർത്തനം. ചിലപ്പോഴൊക്കെ ഇവരുടെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിലൊന്നാണ് ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്നത്. മൂന്നാഴ്‌ച മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ഓഫീസിലെത്തിയ കലക്റ്ററുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഉത്തർപ്രദേശിലെ മോണ്ടിനഗർ സബ് കലക്റ്റർ സൗമ്യ പാണ്ഡെയാണ് ഈ വീഡിയോയിലെ താരം. ഗാസിയാബാദ് ജില്ലയിലെ കോവിഡ് നോഡൽ ഓഫീസറാണ് സൗമ്യ. പ്രസവം കഴിഞ്ഞ് മൂന്നാഴ്‌ച മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് സൗമ്യ ജോലിക്കെത്തിയിരിക്കുന്നത്. ഡോ. പ്രശാന്ത് എന്ന പേരിലുള്ള ഒരു ട്വിറ്റർ അക്കൗണ്ടിലാണ് കൈക്കുഞ്ഞുമായി ജോലിക്കെത്തിയ ഐഎഎസ് ഉദ്യോഗസ്‌ഥയുടെ വീഡിയോ പോസ്‌റ്റ് ചെയ്‌തത്. തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.
“ഞാൻ ഒരു ഐഎഎസ് ഉദ്യാഗസ്‌ഥയാണ്, അതിനാൽ ഞാൻ എന്റെ സേവനം നോക്കേണ്ടതുണ്ട്. കോവിഡ് -19 കാരണം എല്ലാവർക്കും ഉത്തരവാദിത്തങ്ങൾ കൂടി. കുഞ്ഞിനെ പ്രസവിക്കാനും അവരെ പരിപാലിക്കാനും ദൈവം സ്‌ത്രീകൾക്ക് കരുത്ത് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഗ്രാമങ്ങളിൽ പ്രസവത്തിന്റെ തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ പോലും സ്‌ത്രീകൾ വീട്ടുജോലിയും മറ്റും ചെയ്യുന്നു, പ്രസവശേഷവും അവർ കുട്ടിയെ പരിപാലിക്കുകയും അവരുടെ ജോലിയും വീട്ടു ജോലികളും ചെയ്യുന്നു. അതുപോലെ, എന്റെ മൂന്നാഴ്‌ച പ്രായമുള്ള പെൺകുഞ്ഞിനൊപ്പം ജോലി ചെയ്യാൻ സാധിക്കുന്നത് ദൈവാനുഗ്രഹമാണ്. എന്റെ കുടുംബം ഇതിൽ എന്നെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. ഗർഭകാലത്തും പ്രസവാനന്തര സമയത്തും എന്റെ മുഴുവൻ സഹപ്രവർത്തകരും പിന്തുണ നൽകി,”- സൗമ്യ പറഞ്ഞു. മഹാമാരി സമയത്ത് ജോലി ചെയ്യുന്ന ഗർഭിണികൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സൗമ്യ കൂട്ടിച്ചേർത്തു.
Must be inspired by @GummallaSrijana ! @IASassociation Soumya Pandey (SDM Modinagar) didnt availed 06 months maternity leave, joined back office with her infant daughter. #CoronaWarriors pic.twitter.com/8Q6Cju2X49
— Dr.Prashanth (@prashantchiguru) October 12, 2020
നിരവധി പേരാണ് സൗമ്യക്ക് പിന്തുണ പ്രഖ്യാപിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്. പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം കോവിഡ് മഹാമാരി സമയത്ത് കൈക്കുഞ്ഞുമായി എത്തിയതിനെ വിമർശിക്കുന്നവരും ഉണ്ട്.
Also Read: ശത്രുരാജ്യങ്ങൾക്കെതിരേ പുതിയ പദ്ധതിയുമായി ഇന്ത്യ; ശക്‌തി പകർന്ന് ഭീഷ്‌മയും റഫാലും