തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതു പക്ഷം ജയിച്ചാൽ അത് ലോകാത്‌ഭുതമെന്ന് സിപിഎം നേതാവ് എകെ ബാലൻ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമല്ലേ കോൺഗ്രസ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലത്തിൽ അതുണ്ടാകുമോയെന്ന് നോക്കാമെന്നും എകെ ബാലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വോട്ടെണ്ണലിൽ അത്‌ഭുതങ്ങൾ സംഭവിക്കുമെന്നും എകെ ബാലൻ പറഞ്ഞു.
‘ഇതിൽ ഇപ്പോൾ അത്‌ഭുതമൊന്നുമില്ലല്ലോ. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ചൊരു മണ്ഡലം. ഒരു ഘട്ടത്തിൽ 33,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചൊരു മണ്ഡലം. ഇടതുപക്ഷം ജയിച്ചാൽ അത് ലോകാത്‌ഭുതങ്ങളിൽ ഒന്നാണ്. യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണല്ലോ പറഞ്ഞത്. ഈ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണല്ലോ പറഞ്ഞത്. ഫലം വരട്ടെ, അപ്പോ കാണാം’- എകെ ബാലൻ പറഞ്ഞു.
അതേസമയം, കൗണ്ടിങ് രണ്ടു മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് ലീഡ് നില 20,000 കടന്നിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്‌ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം. അതേസമയം, ബിജെപി ചിത്രത്തിൽ പോലുമില്ല എന്ന നിലയിലാണ്.
Most Read| ആലുവയിൽ എട്ടുവയസുകാരിക്ക് പീഡനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാകും






































