കാസർഗോഡ്: മടിക്കൈ ചേക്കാനത്ത് അനധികൃതമായി ചെങ്കല്ല് കടത്താനുള്ള നീക്കം തടഞ്ഞ വില്ലേജ് ഓഫിസർക്ക് നേരെ വധഭീഷണി മുഴക്കി ക്വാറിയുടമ. ക്വാറിയിൽ നിന്ന് ചെങ്കല്ല് കടത്തുകയായിരുന്ന രണ്ട് വാഹനങ്ങൾ റവന്യൂ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇതിനിടെ ക്വാറിയുടമ ഒരു വാഹനം കടത്തിക്കൊണ്ടുപോയി. പിടിച്ചെടുത്ത വാഹനം ഹൊസ്ദുർഗ് താലൂക്ക് ഓഫിസിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബലമായി കൊണ്ടുപോയത്. തുടർന്ന് മടിക്കൈ വില്ലേജ് ഓഫിസറെ ക്വാറിയുടമ ഓഫിസിലെത്തി തടഞ്ഞുവച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. കളക്ടറുടെ നിർദ്ദേശപ്രകാരം നീലേശ്വരം പോലീസ് ക്വാറിയുടമക്കെതിരെ കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ ഹൊസ്ദുർഗ് തഹസിൽദാർ പി പ്രേമരാജിന്റെ നിർദ്ദേശപ്രകാരമാണ് റവന്യൂ സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ മടിക്കൈ വില്ലേജ് ഓഫിസർ എസ് സോവി രാജും പങ്കെടുത്തു. മടിക്കൈയിൽ അനധികൃത ചെങ്കൽപ്പണികൾ വർധിക്കുന്നതായി പരാതിയുണ്ടായിരുന്നു. മടിക്കൈ, അമ്പലത്തുകര വില്ലേജുകളിലായി രണ്ട് ചെങ്കൽ ക്വാറികൾക്ക് മാത്രമാണ് ലൈസൻസുള്ളത് എന്ന് അധികൃതർ പറഞ്ഞു.
Malabar News: ലോക്ക്ഡൗൺ മറവിൽ ലഹരിമാഫിയ പിടിമുറുക്കുന്നു; രക്ഷിതാക്കൾ ജാഗ്രത പാലിക്കണം