തിരുവനന്തപുരം: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന സമരത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവർത്തനം താറുമാറായി.
ഐഎംയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ ഡോക്‌ടർമാർ ഇന്ന് രാവിലെ ആറുമുതൽ നാളെ രാവിലെ ആറുവരെയാണ് പണിമുടക്കി പ്രതിഷേധിക്കുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒപി സേവനം മുടങ്ങി. മിക്കയിടത്തും നേരത്തെ നിശ്‌ചയിച്ച ശസ്‌ത്രക്രിയകൾ മാറ്റിവെച്ചിട്ടുണ്ട്. പഠന കേന്ദ്രങ്ങൾ, യോഗങ്ങൾ എന്നിവയിൽ നിന്ന് ഡോക്‌ടർമാർ വിട്ടുനിൽക്കും.
എന്നാൽ, അടിയന്തിര ശസ്‌ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം, പ്രസവമുറി, കാഷ്വാലിറ്റി എന്നിവയിൽ ഡോക്‌ടർമാരുടെ സേവനം ഉണ്ടാകും. സമരത്തിന് നഴ്‌സുമാരുടെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎംഎയുടെ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപമായി പ്രതിഷേധമുണ്ട്.
ഇതേ തുടർന്ന് ഈയാഴ്‌ച ആശുപത്രികളിലെ പ്രധാനപ്പെട്ട വിഭാഗങ്ങൾ പ്രവർത്തിക്കില്ലെന്നാണ് വിവരം. അവശ്യ സേവനങ്ങൾ ഒഴികെയുള്ള മറ്റ് ആശുപത്രി സേവനങ്ങൾ സസ്‌പെൻഡ് ചെയ്യുന്നതായി അമൃത്‌സറിലെ ഗവ. മെഡിക്കൽ കോളേജ് റെസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
ഓഗസ്‌റ്റ് 16 മുതൽ തുടർന്നൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് സമരം. ഡെൽഹിയിൽ സമരം ശക്‌തമാക്കുമെന്ന് റെസിഡന്റ് ഡോക്‌ടർമാർ അറിയിച്ചു. ഇന്നലെ നിർമൻ ഭവന് മുന്നിൽ റെസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Most Read| ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ