തിരുവനന്തപുരം : ആൾമാറാട്ടം നടത്തി കെഎസ്ആർടിസിയിൽ സർവീസ് നടത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. 3 ജീവനക്കാരെ സസ്പെൻഡ് ചെയ്താണ് സംഭവത്തിൽ നടപടിയെടുത്തത്. ആൾമാറാട്ടം നടത്തി സർവീസ് നടത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട് പരിഗണിച്ച ശേഷം എംഡി ബിജു പ്രഭാകറാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ നിർദേശിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി സ്കാനിയ ബസിലാണ് സംഭവം നടന്നത്. സർവീസ് നടത്തുന്നതിന് മുൻപ് ലോഗ് ഷീറ്റിലും അറ്റന്‍ഡന്‍സ് ഷീറ്റിലും വിഎം വിജീഷ്, ശ്രീജേഷ് എന്നിവരുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ ബസ് ഓടിച്ചിരുന്നത് ഡ്യൂട്ടിയിൽ ഇല്ലാത്ത ജീവനക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന സന്ദീപ് എന്ന ജീവനക്കാരനാണ് വിജേഷിന് പകരം ബസ് ഓടിച്ചത്. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസിൽ കൊല്ലത്ത് വച്ച് വിജിലൻസ് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ആൾമാറാട്ടം കണ്ടെത്തിയത്. തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയും മൂന്ന് ജീവനക്കാരെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Read also : കർഷക സമരം; കിസാൻ ഏക്താ മോർച്ചയുടെയും ‘ദി കാരവന്റെ’യും അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ



































