ഇസ്ലാമാബാദ്: കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഡോ. ഉസ്മ ഖാൻ. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഉസ്മ സഹോദരനെ കണ്ടത്. ഇമ്രാൻ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഉസ്മ ഖാൻ വെളിപ്പെടുത്തി.
”അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. പക്ഷേ, മാനസികമായി പീഡിപ്പിക്കപ്പെട്ടതിൽ അദ്ദേഹത്തിന് ദേഷ്യമുണ്ട്. ദിവസം മുഴുവൻ സെല്ലിൽ അടച്ചിട്ടിരിക്കുകയാണ്. ഏകാന്ത തടവിലാണ്. കുറച്ചുനേരം മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. ആരുമായും ആശയവിനിമയം നടത്താൻ കഴിയില്ല”- ഉസ്മ ഖാൻ പറഞ്ഞു.
ഇരുപത് മിനിറ്റോളമാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നത്. തന്റെ തടവിനും അവസ്ഥയ്ക്കും കാരണം കരസേനാ മേധാവി അസിം മുനീറാണെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തിയതായും ഉസ്മ ഖാൻ പറഞ്ഞു. തടവിൽ കഴിയുന്ന ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റാവൽപിണ്ടിയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
പൊതുചടങ്ങുകളും റാലികളും കൂടിച്ചേരലുകളും നിരോധിച്ചു. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഇമ്രാൻ ഖാനെ ജയിലിൽ കാണാൻ അനുവദിക്കണമെന്നും നിലവിലെ ആരോഗ്യാവസ്ഥ വെളിപ്പെടുത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സഹോദരി ജയിലിലെത്തി ഇമ്രാൻ ഖാനെ കണ്ടത്.
Most Read| കേരളത്തിൽ എസ്ഐആർ തുടരാം; കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് നിർദ്ദേശം





































