ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ശക്‌തമായിരിക്കെ, അണികൾക്ക് വീണ്ടും നിർദ്ദേശങ്ങളുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവസാന പന്ത് വരെ പോരാടാനും പിന്നോട്ട് പോകരുതെന്നും പാകിസ്‌ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികൾക്ക് ഇമ്രാൻ ഖാൻ നിർദ്ദേശം നൽകി.
”എന്റെ ടീമിന് എന്റെ സന്ദേശം വ്യക്‌തമാണ്. അവസാന പന്ത് വരെ പോരാടൂ. നമ്മുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റുന്നത് വരെ നമ്മൾ പിന്നോട്ട് പോകില്ല. ഇതുവരെ പ്രതിഷേധി മാർച്ചിൽ പങ്കുചേരാത്തവർ ഇസ്‌ലാമാബാദിലെ ഡി-ചൗക്കിൽ എത്തണം. സമാധാനപരമായ പ്രതിഷേധത്തിന് വേണ്ടി, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പിരിഞ്ഞുപോകരുത്”- ഇമ്രാൻ പറഞ്ഞു.
”സൈനിക കോടതികളിൽ വിചാരണ ചെയ്യുമെന്ന് എന്നെ ഭീഷണിപ്പെടുത്തുന്നവരോട്, എനിക്ക് വ്യക്‌തമായ സന്ദേശമുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. ഞാൻ എന്റെ നിലപാടിൽ നിന്ന് പിൻമാറില്ല. ക്രൂരതകൾക്കിടയിലും ഞങ്ങളുടെ ആളുകൾ സമാധാനപരമായി നിലകൊള്ളുക മാത്രമല്ല, പരിക്കേറ്റ പോലീസുകാരെയും ആക്രമണം നടത്തിയ റേഞ്ചേഴ്‌സ് ഉദ്യോഗസ്‌ഥരെയും ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്‌തു. പിന്തുണ നൽകുകയും ഫണ്ട് അയക്കുകയും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന പ്രവാസികളായ പാകിസ്‌ഥാനികൾക്ക് അഭിനന്ദനം”- ഇമ്രാൻ ഖാൻ വ്യക്‌തമാക്കി
ഒന്നിലധികം കേസുകളിൽ 2023 ഓഗസ്‌റ്റ് മുതൽ തടവിൽ കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ നിന്നായിരുന്നു ഇമ്രാന്റെ സന്ദേശം. ഇമ്രാന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് പരിക്കേറ്റു. നാല് അർധ സൈനികരും രണ്ട് പോലീസുകാരുമാണ് കൊല്ലപ്പെട്ടത്.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതിന് പിന്നാലെയാണ് സംഘർഷം കൂടുതൽ അക്രമാസക്‌തമായത്. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. സർക്കാർ ഇസ്‌ലാമാബാദിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധമുണ്ടായാൽ ഉടൻ വെടിവെക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
താനടക്കമുള്ള എല്ലാ തടവുകാരെയും മോചിപ്പിക്കാനും ജുഡീഷ്യറിയേക്കാൾ അധികാരം സർക്കാരിന് നൽകുന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കാനും സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന ഇമ്രാൻ ഖാന്റെ ആഹ്വാനം അനുസരിച്ചാണ് പിടിഐ പ്രവർത്തകർ പ്രക്ഷോഭത്തിനിറങ്ങിയത്.
അതേസമയം, ആക്രമണത്തെ ശക്‌തമായി അപലപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞു. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’








































