പാലക്കാട്: വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ആറുവരി പാതയുടെ നിർമാണ നടപടികൾ ആരംഭിച്ചു. ദേശീയപാത 544ൽ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആറുവരി പാതയുടെ ഭൂമി ഏറ്റെടുപ്പ് നടപടികളാണ് തുടങ്ങിയത്.
ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കളക്‌ടറെയാണ് ഇത് സംബന്ധിച്ച പ്രവൃത്തികൾക്ക് ചുമതലപ്പെടുത്തിയത്. നിലവിൽ ഇവിടെ നാലുവരി പാതയാണ് ഉള്ളത്. ഇത് 53.4 കിലോമീറ്റർ പാതയായാണ് വികസിപ്പിക്കേണ്ടത്. 45 മീറ്റർ വീതിയില്ലാത്ത ഭാഗത്ത് മാത്രമാണ് കൂടുതൽ സ്‌ഥലം ഏറ്റെടുക്കുക
വീതി കൂടിയ ഡിവൈഡറുകൾ മാറ്റി ഒന്നര മീറ്റർ ഉയരത്തിൽ ആധുനിക രീതിയിലുള്ള ക്രാഷ് ബാരിയർ ഉപയോഗിച്ചു വേർതിരിച്ചാണ് പാത ആറുവരിയാക്കുക. കൂടാതെ സർവീസ് റോഡുകൾ കൂടുതലായി നിർമിക്കാനും അടിപ്പാതകൾ നന്നാക്കാനും നടപടിയുണ്ടാകും.
കേരളത്തിൽ ഏറ്റവും കൂടുതൽ ചരക്കു ഗതാഗതം നടക്കുന്ന ഈ പാത ആറു വരിയാകുന്നതോടെ ഗതാഗതക്കുരുക്ക് ഇല്ലാതാകും. ദേശീയപാതയിലെ മീഡിയനുകളിലെ വിടവിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ മേൽപാലങ്ങൾ നിർമിക്കുന്ന രീതിയാണ് ദേശീയപാത അതോറിറ്റി സ്വീകരിക്കുന്നത്. മേൽപാലം വരുന്നതോടെ ജംങ്ഷനുകളിലെ അപകടം കുറയുമെന്നാണ് അധികൃതരുടെ വിശദീകരണം.
Read Also: തിരഞ്ഞെടുപ്പ് തോൽവി; ജോസ് കെ മാണിയുടെ പരാതി അന്വേഷിക്കാൻ സിപിഎം








































