ആർവി എന്റെർടൈൻമെൻസിന്റെ ബാനറിൽ രാജീവ് വിജയ് രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം ‘ഇന’ പുറത്ത്. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇതിനോടകം അമ്പതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഈ കുഞ്ഞു ചിത്രം വെല്ലുവിളികളെ മറികടന്ന് വിജയം വരിച്ച സ്ത്രീയുടെ കഥയാണ് പറയുന്നത്.
അവളുടെ കഥ നിങ്ങളിലെത്തിക്കാൻ ഏറ്റവും മികച്ചത് ഈ വനിതാ ദിനം തന്നെയാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
‘വിജയിച്ച വനിത’ എന്ന ടൈറ്റിൽ ആർക്കൊപ്പം ഉണ്ടെങ്കിലും അവൾ വെല്ലുവിളികളെ അതിജീവിച്ചവൾ ആണെന്ന് നിസംശയം പറയാൻ സാധിക്കും. ജീവിതത്തിൽ ഒരു സ്ത്രീക്ക് വിജയം വരിക്കാൻ അതിജീവിക്കേണ്ട കടമ്പകൾ ഏറെയാണ്. അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് അത്തരം സ്ത്രീകളെ അടയാളപ്പെടുത്തുമ്പോൾ അതിജീവനത്തിനായ് പോരാടുന്ന അനേകം പേർക്ക് അത് പ്രചോദാനവും കരുത്തും പകരുമെന്ന് ‘ഇന’ പുറത്തുവിട്ടുകൊണ്ട് സംവിധായകൻ പറയുന്നു.
‘ഇനിയ’ എന്ന അമ്മയുടെ കഥയാണ് ‘ഇന’ പറയുന്നത്. ഇനിയ ഒരു വിജയി ആണ്. അവൾ അനുഭവിച്ച വേദനയിലൂടെ കടന്നുപോയ, ഇനിയും കടന്നുപോകേണ്ട അനേകായിരം സ്ത്രീകളുടെ അടയാളപ്പെടുത്തൽ കൂടിയാണിത്.
പോസ്റ്റുപാർട്ടം ഡിപ്രെഷൻ എന്ന പേരിട്ട് വിളിക്കുന്ന അവസ്ഥയുടെ നേർച്ചിത്രമാണ് ‘ഇന’. അമ്മ എന്ന ഉത്തരവാദിത്വത്തിലേക്ക് ആദ്യമായി കടക്കുന്ന ഇനയ്ക്ക് ശാരീരികവും മാനസികവുമായി ഏറ്റെടുക്കേണ്ടി വരുന്ന വെല്ലുവിളികൾ കൊണ്ട് സ്വന്തം കുഞ്ഞിനോട് പോലും നീതിപുലർത്താൻ കഴിയാതെ, കുടുംബത്തിൽ നിന്ന് പോലും ഒറ്റപ്പെട്ടു പോകേണ്ടിവന്ന അവസ്ഥയാണ് ചിത്രം വിവരിക്കുന്നത്.
ഒരമ്മ എങ്ങനെയൊക്കെ ആകണമെന്നോ ആകാൻ പാടില്ലെന്നോ വിധി കൽപ്പിക്കുന്ന കുടുംബത്തിനും സമൂഹത്തിനുമിടയിൽ, തന്നിലെ അമ്മയെ നഷ്ടപ്പെട്ട ഇനയുടെ കഥ ഒരുപക്ഷേ നിങ്ങൾക്കറിയുന്നതാകാം.. നിങ്ങളുടേതുമാകാം. എന്നാൽ ഈ ‘കഥ’ ഇനിയൊരാളുടേയും ആകാതെയിരിക്കാനുള്ള സന്ദേശവും ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. മരുന്നുകൾക്കും മാനസികമായ സാന്ത്വനങ്ങൾക്കും മീതെ ഒരു സ്ത്രീ അവരെതന്നെ സ്വയം തിരിച്ചറിയേണ്ടുന്നതിന്റെ പ്രാധാന്യവും ‘ഇന’ വരച്ചുകാട്ടുന്നു.
ശീതൾ ബൈഷി, അസ്കർ ഖാൻ, ആലിയ, നദീറ, തുടങ്ങിയ പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
സംഗീതം- അജി സരസ്, സൗണ്ട് ഡിസൈൻ- എൽദോ എബ്രഹാം, സൗണ്ട് മിക്സ്- ശ്രീജിത്ത് എസ്ആർ, സബ് ടൈറ്റിൽസ്- അശ്വനി കെആർ, ബൈജു, സുഷ്മി സിറാജ് , മനോജ്, പോസ്റ്റർ ഡിസൈൻ- ജിജോ സോമൻ, വാർത്താവിതരണം- പിആർ സുമേരൻ എന്നിവർ പിന്നണിയിലും പ്രവർത്തിച്ചിരിക്കുന്നു.
Most Read: ഐഎസ്എൽ; ആദ്യ സെമിയിൽ ബ്ളാസ്റ്റേഴ്സ്- ജംഷഡ്പൂർ പോരാട്ടം