ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ 146 ജില്ലകളിൽ സ്‌ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്രം. ഈ ജില്ലകളിലെല്ലാം 15 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. 146 ജില്ല അധികൃതരുമായി ചർച്ച നടത്തിയതായും കോവിഡ് വ്യാപനം കുറക്കാൻ നടപടി സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
അതേസമയം, രാജ്യത്ത് ഭീതി പരത്തി കോവിഡ് രോഗികളുടെ എണ്ണം കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,14,835 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,104 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്‌തമാക്കി.
ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി. മരണ സംഖ്യ 1,84,657 ആയി. നിലവില്‍ ഇന്ത്യയില്‍ 22,91,428 സജീവ രോഗികളുണ്ട്. രോഗമുക്‌തരായവരുടെ എണ്ണം എണ്ണം 1.34 കോടിയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,95,041 ആയിരുന്നു.
Also Read: ‘ജനം മരിക്കുമ്പോൾ വ്യവസായത്തെ കുറിച്ച് ചിന്തിക്കുന്നു’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഡെൽഹി ഹൈക്കോടതി






































