ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിൽ പ്രതിഷേധം ശക്‌തമാക്കി ഇന്ത്യ സഖ്യം. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. അംബേദ്ക്കർ പ്രതിമയ്‌ക്ക് മുന്നിലാണ് നീല വസ്‌ത്രം ധരിച്ച് ഇന്ത്യാ മുന്നണി എംപിമാർ പ്രതിഷേധിച്ചത്. കൈയിൽ അംബേദ്ക്കർ അനുകൂല പോസ്‌റ്ററുകളുമുണ്ട്.
ദലിത് സമരങ്ങളുടെ പ്രതീകമായാണ് നീല നിറത്തിലുള്ള വസ്‌ത്രം ധരിച്ചത്. ഇന്ന് കോൺഗ്രസ് പിസിസികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലാണ് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. എൻഡിഎ-ഇന്ത്യ സഖ്യ എംപിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാർലമെന്റ് വളപ്പിൽ സംഘർഷാന്തരീക്ഷം ഉണ്ടായി.
അതേസമയം, ഭരണപക്ഷ എംപിമാരും പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. പാർലമെന്റ് കവാടത്തിലാണ് സ്‌പീക്കറുടെ റൂളിങ് മറികടന്ന് ഭരണകക്ഷി എംപിമാർ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ രാജി ആവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം.
പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പാർലമെന്റിലെ ഇരുസഭകളും ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിവരെ നിർത്തിവെച്ചു. ഭരണപക്ഷ-പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം നാടകകുന്നതിനാൽ രാവിലെ 11 മണിയോടെ സഭാ നടപടികൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് സഭാ നടപടികൾ നിർത്തിവെച്ചത്.
അതിനിടെ, അമിത് ഷായുടെ അംബേദ്ക്കർ പരാമർശം പങ്കുവെച്ച കോൺഗ്രസ് നേതാക്കൾക്ക് എക്‌സ് നോട്ടീസ് അയച്ചു. വിഷയത്തിൽ സൈബർ ക്രൈം കോ-ഓർഡിനേറ്റർ നേരത്തെ എക്‌സിനോട് വിശദീകരണം ചോദിച്ചിരുന്നു. പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്ക് എക്‌സിന്റെ കാരണം കാണിക്കൽ നോട്ടീസ്.
ചൊവ്വാഴ്‌ച രാജ്യസഭയിലായിരുന്നു അംബേദ്ക്കറെ ചൊല്ലി അമിത് ഷായുടെ വിവാദ പരാമർശം ഉണ്ടായത്. ‘അംബേദ്ക്കർ എന്നതിന് പകരം ദൈവത്തെ വിളിച്ചാൽ കോൺഗ്രസുകാർക്ക് സ്വർഗത്തിൽ പോകാം’ എന്നായിരുന്നു പരാമർശം. ഇതിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധം നടത്തിയതോടെ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ചു അമിത് ഷാ വിശദീകരണം നൽകിയിരുന്നു.
Related News| അംബേദ്ക്കറെ അപമാനിച്ചിട്ടില്ല, പരാമർശങ്ങൾ കോൺഗ്രസ് വളച്ചൊടിച്ചു; അമിത് ഷാ