ന്യൂഡെൽഹി: ഏറെക്കാലമായി മുടങ്ങിക്കിടന്ന കൈലാസ- മാനസസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യ-ചൈന ധാരണയായി. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ സെക്രട്ടറിതല ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്‌ചയിലാണ് തീരുമാനം.
യാത്രയുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകൾ പ്രകാരമുള്ള രീതികൾ ചർച്ചയിൽ പ്രധാന വിഷയമായി. കൈലാസ- മാനസസരോവർ യാത്ര പുനരാരംഭിക്കുന്നതിന് പുറമെ, നദികളുമായി ബന്ധപ്പെട്ട ജലാശാസ്‌ത്രപരമായ വിവരങ്ങളും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്‌ധതല യോഗം ചേരാനും ചൈന സമ്മതിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
കഴിഞ്ഞ ഒക്‌ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ്ങും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ അന്ന് ചർച്ചയിൽ വന്നിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇപ്പോൾ കൈലാസ- മാനസസരോവർ യാത്രയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിലേക്ക് എത്തിയത്.
2020ലെ കോവിഡ് വ്യാപനത്തെ തുടർന്ന് കൈലാസ- മാനസസരോവർ യാത്ര നിർത്തിവെച്ചിരുന്നു. പിന്നാലെ ഗൽവാൻ സംഘർഷവും അതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്‌തതോടെ യാത്ര പുനരാരംഭിക്കുന്നത് അനിശ്‌ചിതത്വത്തിലായി. നിയന്ത്രണരേഖയിലെ സ്‌ഥിതിഗതികൾ ശാന്തമായി ഇരുരാജ്യങ്ങളും സേനയെ പിൻവലിച്ചതോടെയാണ് നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളിലേക്ക് കടന്നത്.
Most Read| സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിലവിൽ