പാരിസ്: ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര വിജയം. 52 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് നിർണായകമായത്. ഒരെണ്ണം അഭിഷേകിന്റെ വകയായിരുന്നു.
തോമസ് ക്രെയ്‌ഗ്, ബ്ളേക്ക് ഗോവേഴ്‌സ് എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോളുകൾ നേടിയത്. ഗ്രൂപ്പിലെ അഞ്ച് മൽസരങ്ങളും പൂർത്തിയാക്കിയ ഇന്ത്യ പത്ത് പോയിന്റുമായി രണ്ടാം സ്‌ഥാനത്താണ്. ഇന്ന് അർജന്റീന ബെൽജിയത്തിനതിരെ പരാജയപ്പെട്ടാൽ ഇന്ത്യക്ക് രണ്ടാം സ്‌ഥാനം നിലനിർത്താം. ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ രണ്ട് ഗോളിന്റെ ലീഡെടുത്തിരുന്നു.
12ആം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ലളിത് ഉപാധ്യായുടെ പാസിൽ നിന്ന് അഭിഷേക് അനായാസം ലക്ഷ്യം കണ്ടു. തൊട്ടടുത്ത മിനിറ്റിൽ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഹർമൻപ്രീത് പെനാൽറ്റി കോർണർ മാറ്റി. എന്നാൽ, 25ആം മിനിറ്റിൽ ഓസ്‌ട്രേലിയ ഒരു ഗോൾ തിരിച്ചടിച്ചു. ഗോവേഴ്‌സിന്റെ ആദ്യ ശ്രമം ഹർമൻപ്രീത് പ്രതിരോധിച്ചെങ്കിലും റീ ബൗണ്ടിൽ ക്രെയ്‌ഗ് ലക്ഷ്യം കണ്ടു.
32ആം മിനിറ്റിൽ ഹർമൻപ്രീത് വിജയമുറപ്പിച്ച ഗോൾ നേടി. പാരിസ് ഒളിമ്പിക്‌സിൽ താരത്തിന്റെ ആറാം ഗോളാണിത്. അതേസമയം, ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മനു ഭാകർ മൂന്നാം മെഡലിനരികിലാണ്. വനിതകളുടെ 25 മീറ്റർ എയർ പിസ്‌റ്റളിൽ താരം ഫൈനൽ കടന്നു. രണ്ടാം സ്‌ഥാനത്താണ് താരം യോഗ്യതാ റൗണ്ട് അവസാനിപ്പിച്ചത്. 590 പോയിന്റ് താരം സ്വന്തമാക്കി. നേരത്തെ രണ്ടു വെങ്കലങ്ങൾ സ്വന്തമാക്കിയിരുന്നു.
Most Read| ദുരന്ത മേഖലയിലെ പെൺപുലി; ബെയ്‌ലി പാലം നിർമാണത്തിലെ നെടുംതൂൺ